ചാനലില്‍ കോട്ടിട്ടിരിക്കുന്നവരല്ല; ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കള്‍: തിരിച്ചടിച്ച് പിണറായി

single-img
31 May 2018

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. ജനങ്ങളുടെ അംഗീകാരം നേടിയാണ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നന്മയുടേയും ക്ഷേമത്തിന്റേയും മതനിരപേക്ഷതയുടേയും വികസനത്തിന്റേയും മുന്നേറ്റങ്ങള്‍ക്ക് ജാതി, മത നിലപാടുകള്‍ തടസമല്ലെന്ന പുതിയ രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ രൂപപ്പെട്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കള്‍. ദൃശ്യമാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.