വീണ്ടും നിപ്പ വൈറസ് ഭീതി: കോഴിക്കോട് രണ്ടു മരണം കൂടി

single-img
31 May 2018

നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ടു മരണം കൂടി. മുക്കം കാരശേരി സ്വദേശി അഖില്‍(28), പാലാഴി സ്വദേശി മധുസൂദനന്‍(55) എന്നിവരാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചത് ഇന്നലെ വൈകിട്ടാണ്. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. പാലാഴി സ്വദേശി മധുസൂദനന്‍(55) മരിച്ചത് സ്വകാര്യആശുപത്രിയിലാണ്.

അതിനിടെ, കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡില്‍ മലയാളി സൈനികന്‍ പനി ബാധിച്ചു മരിച്ചത് നിപ്പ വൈറസ് ബാധിച്ചാണെന്ന് സംശയമുയര്‍ന്നു. പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര സ്വദേശി സിജു പ്രസാദാണു മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാതെ കൊല്‍ക്കത്തയില്‍ സംസ്‌കരിച്ചു.

നിപ്പ വൈറസ് സംശയമുളളതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. അതേസമയം നിപ്പ വൈറസ് ബാധയുണ്ടെന്നു സംശയിച്ച് ഗോവയില്‍ ചികില്‍സയിലായിരുന്ന മലയാളിക്കു വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

പുണെയിലെ വൈറോളജി ലാബില്‍നിന്ന് പരിശോധനാഫലം ലഭിച്ചതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. 48 പേരുടെ സാംപിള്‍ ഫലങ്ങള്‍ നെഗറ്റീവായതോടെ നിപ്പ വൈറസ് ബാധ സംബന്ധിച്ച ആശങ്കയില്‍ കഴിഞ്ഞദിവസം അയവുണ്ടായിരുന്നു. പക്ഷേ, രണ്ടുപേരുടെ മരണം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി.