മോദിയെയും അമിത് ഷായെയും അമ്പരപ്പിച്ച് തെരഞ്ഞെടുപ്പ് നടന്ന 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 ഇടത്തും ബിജെപി പിന്നില്‍: 3 ലാക്‌സഭാ മണ്ഡലങ്ങളിലും ബിജെപി തോല്‍വിയിലേക്ക്

single-img
31 May 2018

നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാമത്തെ ലോക്‌സഭാ സീറ്റിലും പിന്നിലേക്ക്. തുടക്കത്തില്‍ നാലു മണ്ഡലങ്ങളിലും ലീഡു നേടിയ ബിജെപിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ കയ്‌റാനയിലും മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ഡിയ എന്നിവയ്ക്കു പിന്നാലെ നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റിലും പ്രതിപക്ഷ കക്ഷികള്‍ മുന്നിലെത്തി.

കയ്‌റാനയില്‍ സമാജ്‌വാദി പാര്‍ട്ടി–രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥിയുടെ ലീഡ് 16,000 കവിഞ്ഞു. ഭണ്ഡാര–ഗോണ്ഡിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച എന്‍സിപി സ്ഥാനാര്‍ഥിയും ബിജെപിയെ മറികടന്ന് മുന്നിലെത്തി.

നാഗാലാന്‍ഡിലെ ഇതുവരെ ലീഡു നിലനിര്‍ത്തി മുന്നേറിയ ബിജെപി പിന്തുണയുള്ള എന്‍ഡിപിപി സ്ഥാനാര്‍ഥിയെ പിന്നിലാക്കി കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍പിഎഫ് സ്ഥാനാര്‍ഥി ലീഡു നേടി. അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ഇവിടെ ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ബിജെപി ലീഡു നിലനിര്‍ത്തുന്നത്.

അതേസമയം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നതിനിടെ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ് നിലനിര്‍ത്താന്‍ സാധിക്കുന്നുള്ളു. ഉത്തരാഖണ്ഡിലെ തരള്ളി, ജാര്‍ഖണ്ഡിലെ ഗോമിയ മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

ആറിടത്ത് കോണ്‍ഗ്രസും മുന്നിടത്ത് മറ്റ് പ്രാദേശിക പാര്‍ട്ടികളും ലീഡ് ചെയ്യുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടി തന്നെയാണ്. ബിജെപിയുടെ പ്രതിയോഗികളായ സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ് മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുന്നത്. സുപ്രധാനമായ കര്‍ണാടകയിലെ ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ ബഹുദൂരം മുന്നിലാണ്.