വാട്‌സാപ്പിനെ തകര്‍ക്കാന്‍ ‘കിംഭോ’ ആപ്പുമായി ബാബാ രാംദേവ്

single-img
31 May 2018

ന്യൂഡല്‍ഹി: വാട്‌സ് ആപ്പിന് വെല്ലുവിളിയുയര്‍ത്താന്‍ ‘കിംഭോ’ ആപ്പുമായി എത്തുകയാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പുമായി ടെലികോം രംഗത്തെ ഞെട്ടിച്ചുള്ള ബാബാ രാം ദേവിന്റെ നീക്കം.

സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്‌സാപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്.കെ. തിജര്‍വാല ട്വീറ്റ് ചെയ്തു. സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്‌സ്, വിഡിയോ കോളുകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകള്‍ കിംഭോയിലുണ്ടെന്നാണ് വിവരം.

‘ഹൗ ആര്‍ യൂ’ എന്ന ഇംഗ്ലീഷ് വാചകത്തിന്റെ സംസ്‌കൃത പരിഭാഷയാണ് ‘കിം ഭോ’ എന്നത്. വാട്‌സ് ആപ് പോലെ തന്നെ മെസേജുകളയയ്ക്കാമെന്നതിനു പുറമേ സെലിബ്രിറ്റികളെ ഫോളോ ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്. ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ ‘കിംഭോ’ ആപ് ഡൗണ്‍ലോഡ് ചെയ്‌തെന്നാണ് പതഞ്ജലിയുടെ അവകാശവാദം.

ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് രാംദേവ് സ്വദേശി സമൃദ്ധി സിംകാര്‍ഡ് ഇറക്കുന്നത്. 144 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയും. ഒപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും.

സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ഓഫിസുകള്‍ വഴിയാണ് ലഭിക്കുകയെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ പതഞ്ജലിയിലെ ജീവനക്കാര്‍ക്കു മാത്രമാണ് സിം കാര്‍ഡ് ലഭ്യമാകുക. പിന്നീട് പൊതുജനങ്ങള്‍ക്കും സിം ലഭ്യമാകുകയും കാര്‍ഡ് വാങ്ങുന്നവര്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ 10 ശതമാനം ഇളവില്‍ ലഭിക്കുകയും ചെയ്യുമെന്നാണ് വാഗ്ദാനം.