ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കൈരാന മണ്ഡലത്തില്‍ ബിജെപി പിന്നില്‍

single-img
31 May 2018

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ബി.ജെ.പിയെ പിന്തള്ളി ആര്‍.എല്‍.ഡിയുടെ തബസ്സും ബീഗം മുന്നേറുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്ത മണ്ഡലമാണ് കൈറാന.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മാറ്റുരക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പരീക്ഷണ വേദിയാണ് കൈറാന. ബിജെപി എംപിയായിരുന്ന ഹുക്കും സിങ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഗോരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളില്‍ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം മറികടക്കാന്‍ ബിജെപിക്ക് കൈറാനയില്‍ വിജയിച്ചേ മതിയാകു. വിജയിച്ചാല്‍ 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിക്കും.

അതേസമയം പ്രതിപക്ഷമാണ് വിജയിക്കുന്നതെങ്കില്‍ അത് അടുത്ത തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മാറ്റി പയറ്റണമെന്ന സൂചനയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നല്‍കാനുള്ളത്. ബിജെപിക്കുവേണ്ടി മൃഗംഗ സിങ്ങും പ്രതിപക്ഷത്തിനു വേണ്ടി ആര്‍എല്‍ഡിയുടെ തബ്‌സും ബീഗവുമാണ് മത്സരിക്കുന്നത്.