ഒടുവില്‍ മനുഷ്യന് മുന്നില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ട് ‘പ്രേതമത്സ്യം’

single-img
31 May 2018

https://www.youtube.com/watch?v=XIQYeoYcCMA

2,46,609 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന സംരക്ഷിത പ്രദേശമാണ് മരിയാന ട്രഞ്ച് മറൈന്‍ നാഷനല്‍ മൊന്യുമെന്റ്. ലോകത്തിലെ ഏറ്റവും ആഴം കൂടിയ സമുദ്രഭാഗമാണ് ഇത്. ഫിലിപ്പീന്‍സിന് കിഴക്കായുള്ള ഈ സമുദ്രഭാഗത്ത് അസാധാരണ ജീവജാലങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്.

മരിയാന ട്രഞ്ചില്‍’ പര്യവേക്ഷണം നടത്തുകയായിരുന്ന ഒരു ഗവേഷക സംഘത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഒരു അപൂര്‍വ മത്സ്യം നീന്തിയെത്തി. വെറും 10 സെന്റിമീറ്റര്‍ മാത്രം വലിപ്പമുള്ള ആഫിയോനിഡെ കുടുംബത്തില്‍പ്പെട്ട മത്സ്യമായിരുന്നു അത്. ഇത് വരെ ആ മത്സ്യത്തെ മനുഷ്യന്‍ ജീവനോടെ കണ്ടിട്ടില്ല.

കണ്ണുള്‍പ്പെടെ വെളുത്തിരിക്കുന്ന മീനിനെ ഗവേഷകര്‍ വിളിച്ചത് ‘പ്രേതമത്സ്യം’ എന്നായിരുന്നു. 8000 അടിയിലും താഴേക്ക് ഇറക്കിവിട്ട ഒരു റിമോട്ട് ക്യാമറയുടെ കൃത്രിമവെളിച്ചത്തിനു മുന്നിലേക്കാണ് ആ മത്സ്യം നീന്തിയെത്തിയത്.

കപ്പലിലിരുന്ന് മുന്നിലെ സ്‌ക്രീനില്‍ ആ കാഴ്ച കണ്ട പര്യവേക്ഷണസംഘത്തലവന്‍ ആദ്യം ഞെട്ടി. ലോകത്തില്‍ ആദ്യമായിട്ടാണ് ‘ആഫിയോനിഡെ’ കുടുംബത്തില്‍പ്പെട്ട ആ മത്സ്യത്തെ മനുഷ്യന്‍ ജീവനോടെ കാണുന്നത്. 8202 അടി താഴെയായിരുന്നു ‘പ്രേതമത്സ്യ’ത്തിന്റെ നീന്തല്‍ ക്യാമറയില്‍ പതിഞ്ഞത്.

കടലിനടിയില്‍ ജീവശാസ്ത്രത്തിലെ നിര്‍ണായകനിമിഷത്തിനാണ് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ (എന്‍ഒഎഎ) ആ ഗവേഷക സംഘം 2016ല്‍ സാക്ഷിയായത്. കടലിനടിയില്‍ എണ്ണ പര്യവേക്ഷണത്തിനും മറ്റുമായി ഡ്രഡ്ജിങ് നടത്തുമ്പോഴും വലയെറിയുമ്പോഴുമെല്ലാം പലപ്പോഴായി ഈ മത്സ്യത്തെ കിട്ടിയിട്ടുണ്ട്.

എന്നാല്‍ ജീവനില്ലാതെയെന്നു മാത്രം. അതിനാല്‍ത്തന്നെ ഇവ ആഴക്കടലിലാണോ അതോ സാധാരണ മത്സ്യങ്ങള്‍ക്കൊപ്പമാണോ ജീവിക്കുന്നതെന്ന സംശയവുമുണ്ടായിരുന്നു. വര്‍ഷങ്ങളോളം ഗവേഷകരെ കുഴക്കിയ ചോദ്യത്തിനാണിപ്പോള്‍ ഉത്തരമായിരിക്കുന്നത്.

‘ജെല്ലി’ പോലെയാണ് ഈ മത്സ്യത്തിന്റെ ശരീരം. ആഴങ്ങളില്‍ ഭക്ഷണലഭ്യത വളരെ കുറവായതിനാല്‍ പരമാവധി ഊര്‍ജം ശരീരത്തില്‍ സംരക്ഷിക്കപ്പെടണം. ശരീരത്തിനു നിറം നല്‍കുന്ന ‘പിഗ്മെന്റു’കള്‍ക്ക് നല്‍കാനുള്ള ഊര്‍ജം കൂടി സംരക്ഷിക്കാന്‍ പ്രേതമത്സ്യശരീരം സ്വീകരിച്ച തന്ത്രമാണ് ഈ വെള്ളനിറം.