ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിച്ച് സജി ചെറിയാന്‍: റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഉജ്വലജയം

single-img
31 May 2018

ചെങ്ങന്നൂര്‍: കേരളം കാത്തിരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റെക്കോര്‍ഡ് വിജയം. ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ കൊയ്‌തെടുത്തത്.

നഗരസഭയിലും 11 പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സിപിഎമ്മിലെ സജി ചെറിയാന്റെ ചരിത്ര ജയം. 1987ല്‍ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നുള്ള വിജയം യുഡിഎഫിനും ബിജെപിക്കും ഷോക്കായി. യുഡിഎഫ് രണ്ടാമതെത്തി സ്വന്തം വോട്ടുകള്‍ കാത്തപ്പോള്‍ ബിജെപിക്ക് എണ്ണായിരത്തിലേറെ വോട്ടുകള്‍ കുറഞ്ഞു.

ചെന്നിത്തലയുടെയും വിജയകുമാറിന്റെയും പഞ്ചായത്തുകളിലും യുഡിഎഫ് പിന്നിലായി. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരും എല്‍ഡിഎഫിന് തന്നെ. വിജയഹര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ സജി ചെറിയാനെ തോളിലേറ്റി ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വന്‍ജനസഞ്ചയമാണ് അദ്ദേഹത്തെ വരവേറ്റത്. കോണ്‍ഗ്രസ് വിട്ട ശോഭന ജോര്‍ജും വിജയാഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. നഗ്‌നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരിച്ചടി പരിശോധിക്കുമെന്ന് ചെന്നിത്തലയും ഒപ്പം ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. രാഷ്ട്രീയേതരമായ ഘടകങ്ങളാണ് പ്രതിഫലിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.