മണിക്കൂറില്‍ 1110 കിലോമീറ്റര്‍ വേഗം; ഒന്നിച്ച് പറന്നത് മൂന്ന് വിമാനങ്ങള്‍; വിര്‍ജിന്‍ ഗാലക്‌സിക്കിന്റെ പുതിയ ബഹിരാകാശ വിമാനം വീണ്ടും പരീക്ഷണ പറക്കല്‍ നടത്തി

single-img
31 May 2018


വിര്‍ജിന്‍ ഗാലക്‌സിക്കിന്റെ പുതിയ ബഹിരാകാശ വിമാനം വീണ്ടും പരീക്ഷണ പറക്കല്‍ നടത്തി. മേയ് 29നായിരുന്നു വിക്ഷേപണം. ബഹിരാകാശ യാത്രയ്ക്കുള്ള ഗ്ലൈഡര്‍ സങ്കല്‍പ്പത്തിന്റ ദൗത്യം വന്‍ വിജയകരമായിരുന്നു എന്നാണ് വിര്‍ജിന്‍ അധികൃതര്‍ അറിയിച്ചത്. വിഎസ്എസ് യൂനിറ്റി എന്ന സ്‌പെയ്‌സ്ഷിപ്ടു പേടകമാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. കാലിഫോര്‍ണിയിലെ മോജേവ് മരുഭൂമി പ്രദേശത്ത് നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശത്തേക്കുള്ള ദൂരത്തിന്റെ പകുതി പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ പരീക്ഷണ ദൗത്യത്തില്‍ രണ്ടു പൈലറ്റുമാര്‍, ആറു ഡെമ്മി യാത്രക്കാര്‍ എന്നിവരും പങ്കെടുത്തു. വൈറ്റ്‌നൈറ്റ്ടു (രണ്ടു വിമാനങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന രൂപം) എന്ന വിമാനത്തിന്റെ സഹായത്തോടെയാണ് വിഎസ്എസ് യൂനിറ്റി വിക്ഷേപിച്ചത്. ഏകദേശം 15000 മീറ്റര്‍ മുകളില്‍ നിന്നാണ് വിഎസ്എസ് യൂനിറ്റി വേര്‍പ്പെട്ട് സ്വതന്ത്രമായി മുകളിലേക്ക് കുതിച്ചത്. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ടു വികസിപ്പിച്ച വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വാഹനം ഏഴാമത്തെ ഗ്ലൈഡര്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത് കഴിഞ്ഞ ജനുവരിയിലാണ്. അന്നു കലിഫോര്‍ണിയയില്‍ നടത്തിയ പറക്കലില്‍ മണിക്കൂറില്‍ 1110 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലിലെ പരീക്ഷണ പറക്കലില്‍ 84,271 അടി ഉയരം വരെ പോയിരുന്നു. അന്നത്തെ വേഗം 1.84 മാക് ആയിരുന്നു. എന്നാല്‍ വിര്‍ജിന്‍ ഗലാസ്റ്റിക് ലക്ഷ്യമിടുന്നത് 360,890 അടി ഉയരം വരെയാണ്. ഭൂമിയില്‍ നിന്ന് ബഹിരാകാശത്തിന്റെ പരിധി 328,000 അടി മുകളിലാണ്. സൂപ്പര്‍ സോണിക് സംവിധാനങ്ങളും പേടകത്തിലെ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രകടനവും വിലയിരുത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ പരീക്ഷണം. വിഎസ്എസ് യൂനിറ്റി പേടകത്തിന്റെ യാത്രയില്‍ 31 സെക്കന്റ് റോക്കറ്റ് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് മുകളിലേക്ക് വിക്ഷേപിച്ചത്. റോക്കറ്റ് മോട്ടോര്‍ ഘടിപ്പിച്ചുള്ള രണ്ടാമത്തെ ദൗത്യമാണ് മേയ് 29ന് നടന്നത്.

മാക് 1.9 വേഗത്തില്‍ കുതിച്ച വിഎസ്എസ് യൂനിറ്റി പേടകം 34,900 മീറ്റര്‍ ഉയരത്തില്‍ വരെ സഞ്ചരിച്ചു. പിന്നീട് ആ പേടകം തന്നെ സുഖകരമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. ശബ്ദത്തേക്കാള്‍ വേഗത്തിലാണ് വിഎസ്എസ് യൂനിറ്റി കുത്തനെ മുകളിലേക്ക് കുതിച്ചത്.

വിഎസ്എസ് യൂനിറ്റി ആദ്യമായി അവതരിപ്പിക്കുന്നത് 2016 ഫെബ്രുവരിയിലാണ്. ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതതയിലുള്ള വിര്‍ജിന്‍ ഗലാറ്റിക് കമ്പനിയുടേതാണു വിഎസ്എസ് യൂണിറ്റി. ബഹിരാകാശത്തേക്കു സഞ്ചാരികളെ കൊണ്ടുപോകുക, അതു വഴി പണം സമ്പാദിക്കുക എന്നതാണ് ബഹിരാകാശ ടൂറിസം ലക്ഷ്യമിടുന്നത് ഇതാണ്. വിര്‍ജിന്‍ ഗലാറ്റിക്, ബ്ലൂ ഒറിജിന്‍, സ്‌പേസ് എക്‌സ് എന്നീ കമ്പനികള്‍ ഈ രംഗത്തുണ്ട്. ഈ വര്‍ഷം ബഹിരാകാശത്തേക്കു സഞ്ചാരികളെ കൊണ്ടുപോകാനായിരുന്നു വിര്‍ജിന്‍ ഗലാറ്റിക്കിന്റെ പദ്ധതി. എഴുനൂറിലധികം ധനികര്‍ ഇതിനായി സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റ്, കാത്തി പെറി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. രണ്ടരലക്ഷം യുഎസ് ഡോളറാണ് (ഒന്നരക്കോടിയിലധികം രൂപ) ഒരു ടിക്കറ്റിന്റെ വില.