എന്റെ ജീവിതം തുറന്നിടാന്‍ സഞ്ജു സാറിന്റെ അത്രയും ധൈര്യം എനിക്ക് ഇല്ല; കാമുകിമാരുടെ കാര്യത്തില്‍ 10ല്‍ താഴെയാണ് എന്റെ സംഖ്യ: രണ്‍ബീര്‍ കപൂര്‍

single-img
31 May 2018

രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ദത്തായി വേഷമിടുന്ന ‘സഞ്ജു’വിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. മുംബൈയിലായിരുന്നു ട്രെയിലര്‍ ലോഞ്ച് നടന്നത്. ചടങ്ങിനിടെ രണ്‍ബീറിന് രസകരമായ ഒരു ചോദ്യം നേരിടേണ്ടി വന്നു. രണ്‍ബീറിനെ കുറിച്ച് ഒരു ബയോപിക് നിര്‍മ്മിച്ചാല്‍ അതില്‍ എത്ര കാമുകിമാരുണ്ടാകും എന്നായിരുന്നു ചോദ്യം. രസകരമായ മറുപടി തന്നെ രണ്‍ബീര്‍ നല്‍കി.

‘സത്യത്തില്‍ എന്നെക്കുറിച്ച് ബയോപിക് എടുക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ ജീവിതം തുറന്നിടാന്‍ സഞ്ജു സാറിന്റെ അത്രയും ധൈര്യം ഇല്ല. പക്ഷെ കാമുകിമാരുടെ കാര്യത്തില്‍ 10ല്‍ താഴെയാണ് എന്റെ സംഖ്യ. അതുകൊണ്ടു തന്നെ എന്റെ പേരില്‍ ബയോപിക് എടുക്കാന്‍ കഴിയില്ല,” രണ്‍ബീര്‍ പറഞ്ഞു.

സഞ്ജുവിന്റെ ബയോപിക്കില്‍ തനിക്ക് മുന്നൂറില്‍ അധികം കാമുകിമാര്‍ ഉണ്ടെന്ന് കഥാപാത്രം പറയുന്നുണ്ട്. മൂന്നു മിനിറ്റും നാലു സെക്കന്റും ദൈര്‍ഘ്യമുളളതാണ് ട്രെയിലര്‍. ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണ് സഞ്ജു.

ചിത്രത്തെ കുറിച്ച് നടനും തന്റെ പിതാവുമായ ഋഷി കപൂര്‍ നല്ല അഭിപ്രായം പറഞ്ഞെന്നും രണ്‍ബീര്‍ പറഞ്ഞു. ‘എന്റെ അച്ഛന്‍ എന്നതിലുപരി അദ്ദേഹം ഒരു നടനാണ്. ഞാന്‍ വളരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹത്തെ. അദ്ദേഹം ഒരിക്കലും എന്നോട് പറയാറില്ല ഞാന്‍ നന്നായി അഭിനയിച്ചു എന്ന്. ഞാനത് പ്രതീക്ഷിക്കാറുമില്ല. പക്ഷെ ആ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും വരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. വൈകാരികമായി അതെന്നെ സ്പര്‍ശിച്ചു. എല്ലാ അച്ഛന്‍മാര്‍ക്കും അവരുടെ മക്കള്‍ നന്നായി ജോലി ചെയ്യണം എന്നായിരിക്കും. പക്ഷെ എന്റെ അച്ഛന്‍ അക്കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. അദ്ദേഹം ഒരിക്കലും വെറുതെ നല്ല വാക്കുകള്‍ പറയാറില്ല,” രണ്‍ബീര്‍ വ്യക്തമാക്കി.

ജൂണ്‍ 29 ന് സിനിമ റിലീസ് ചെയ്യും. രണ്‍ബീര്‍ കപൂറിനെ കൂടാതെ മനീഷ കൊയ്‌രാള, പരേഷ് റാവല്‍, അനുഷ്‌ക ശര്‍മ്മ, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.