ഒരു ദ്വീപ് തന്നെ ഇല്ലാതാക്കുന്ന മരപ്പാമ്പുകള്‍

single-img
31 May 2018

ജപ്പാനും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഗുവാം. ഈ ദ്വീപ് ഇന്ന് അത്യപൂര്‍വ്വമായ ഒരു ഭീഷണി നേരിടുകയാണ്. ഒരു കൂട്ടം പാമ്പുകള്‍ ഒരു വനം മാത്രമല്ല ഇവിടുത്തെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥയെയും തന്നെ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. ഒരു പ്രദേശത്തെ ജൈവവ്യവസ്ഥയ്ക്ക് മുഴുവന്‍ ഭീഷണിയാകാന്‍ കഴിഞ്ഞ ഏക ജീവിയായി മാറിയിരിക്കുകയാണ് ബ്രൗണ്‍ ട്രീ സ്‌നേക്ക് അഥവാ തവിട്ടു നിറമുള്ള മരപ്പാമ്പുകള്‍.

1940കളിലാണ് ബ്രൗണ്‍ ട്രീ സ്‌നേക്ക് ഈ ദ്വീപിലെത്തിയത്. ദ്വീപില്‍ കാര്യമായ ശത്രുക്കളില്ലാത്ത ഇവ വ്യാപകമായി പെറ്റുപെരുകി. 544 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ ദ്വീപില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ അയ്യായിരം പാമ്പുകളെ കാണാന്‍ കഴിയും. പപുവാന്യൂഗിനിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ ബോട്ടിലോ മറ്റോ ആണ് ഇവ ദ്വീപിലേക്കെത്തിയതെന്നാണു കരുതപ്പെടുന്നത്.

ഇവയുടെ പ്രധാന ഇരകള്‍ പക്ഷികളായിരുന്നു. ഭൂരിഭാഗം സമയവും മരത്തില്‍ തന്നെയാണ് ഈ പാമ്പുകള്‍ ചിലവഴിക്കുന്നത്. കാര്യമായ വിഷമുള്ള ഇവയുടെ മറ്റൊരു പ്രത്യേകത ശമിക്കാത്ത വിശപ്പാണ്. ഇടയ്ക്കിടക്ക് എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണം. ഈ വനത്തില്‍ പാമ്പുകളില്ലാത്ത ഒരുമരം പോലും അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ പക്ഷികള്‍ക്ക് വിശ്രമിക്കാനോ കൂടൊരുക്കാനോ മുട്ടയിടാനോ പോലും സാധിക്കില്ല. ഏതെങ്കിലും പക്ഷികള്‍ മുട്ടയിട്ടാല്‍ തന്നെ പാമ്പുകള്‍ അവിടെയെത്തി അതെല്ലാം അകത്താക്കും.

ഗുവാം ദ്വീപില്‍ ഏകദേശം 146 വിഭാഗങ്ങളില്‍ പെട്ട പക്ഷികളുണ്ടായിരുന്നു. എന്നാല്‍ പാമ്പുകള്‍ ദ്വീപില്‍ പെരുകിയതോടെ അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പല പക്ഷിവര്‍ഗങ്ങളും നാമാവശേഷമായി. ഏതാണ്ട് പന്ത്രണ്ടോളം പക്ഷി വിഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ വനത്തില്‍ അവശേഷിക്കുന്നത്. ഇതില്‍ പ്രത്യേകയിനം പൊന്‍മാനുള്‍പ്പടെ 3 പക്ഷികള്‍ ലോകത്തു മറ്റെവിടെയും കാണപ്പെടാത്തവയാണ്. പക്ഷികളെ തിന്നുന്നതിനൊപ്പം മുട്ടയും ഇവ അകത്താക്കുന്നതാണ് ജീവികളുടെ വംശനാശത്തിലേക്കു നയിച്ചത്. പക്ഷികള്‍ക്ക് പുറമെ ഇതര സസ്യജന്തുജാലങ്ങളേയും പാമ്പുകള്‍ ഉന്മൂലനം ചെയ്തു. സസ്തനികളും ഉരഗ വര്‍ഗങ്ങളുമുള്‍പ്പെടെ 596 വിഭാഗത്തില്‍ പെട്ട ജീവികളുണ്ടായിരുന്നു ഈ വനത്തില്‍. ഇവയില്‍ പലതും അന്യം നിന്നുപോയി. ബാക്കിയുള്ള ജീവജാലങ്ങള്‍ അതീവ വംശനാശഭീഷണി നേരിടുകയാണ്.

ദ്വീപിലെ പഴങ്ങള്‍ ഉണ്ടാകുന്ന മരങ്ങളുടെയെല്ലാം പ്രത്യുല്‍പാദനം നടക്കുന്നത് പഴങ്ങള്‍ തിന്നുന്ന കിളികള്‍ വിസര്‍ജ്ജിക്കുന്ന വിത്തുകളിലൂടെയാണ്. ഇങ്ങനെയല്ലാതെ ഈ മരങ്ങളുടെ തൈകള്‍ മുളയ്ക്കാറില്ല. ഈ പക്ഷികളെല്ലാം പാമ്പുകളുടെ ഭക്ഷണമായി തീര്‍ന്നതോടെ ഇവിടെയിപ്പോള്‍ വൃക്ഷങ്ങളും പുതിയതായി മുളയ്ക്കാറില്ല.

 

മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും മാത്രമല്ല അമേരിക്കന്‍ ഗവണ്‍മെന്റിനും പ്രതിവര്‍ഷം ലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടം ഇവയുണ്ടാക്കുന്നുണ്ട്. ദ്വീപില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതീകരണ സംവിധാനങ്ങള്‍ ഇടയ്ക്കിടെ തകരാറിലാക്കുന്നതു വഴിയാണിത്. പാമ്പുകളെ 2018 കഴിയുമ്പോഴേക്കും ദ്വീപില്‍ നിന്നു തുരത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനായി പല പദ്ധതികളും ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. വിഷം നല്‍കി കൊന്ന എലികളെ മുകളില്‍ നിന്നു വിതറിയായിരുന്നു തുടക്കം. ഈ എലികളെ ആഹാരമാക്കുന്ന പാമ്പുകള്‍ ഉടന്‍തന്നെ ചത്തു വീഴും. ഈ പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.