അത്യപൂര്‍വമായ കാഴ്ച; മുതലയും അണലിയും തമ്മില്‍ ഏറ്റുമുട്ടി; ഒടുവില്‍ സംഭവിച്ചത്

single-img
31 May 2018

മുതലയും കൂറ്റന്‍ അണലിയും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ അപൂര്‍വ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഫോട്ടോഗ്രാഫറായ
റിഷാനി ഗുണസിംഗെ. ശ്രീലങ്കയിലെ യാല ദേശീയ പാര്‍ക്കിലാണ് അത്യപൂര്‍വമായ ഏറ്റുമുട്ടല്‍ നടന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ് റിഷാനിക്ക് തന്റെ ക്യാമറയിലൂടെ പകര്‍ത്താന്‍ സാധിച്ചത്.

മുതല ഏറ്റുമുട്ടിയത് പെരുമ്പാമ്പിനോടാണെന്നായിരുന്നു ആദ്യം റിഷാനി കരുതിയത്. എന്നാല്‍ ആ പാമ്പിന്റെ ശരീരത്തിലുള്ള തവിട്ട് നിറത്തിലുള്ള വലിയ പാടുകള്‍ പെരുമ്പാമ്പുകളുടെ ദേഹത്തു കാണപ്പെടുന്ന പാടുകളേക്കാള്‍ വ്യതസ്തമായിരുന്നു. ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചപ്പോള്‍ പാമ്പിaന്റെ കൂര്‍ത്ത രണ്ട് പല്ലുകളും ശ്രദ്ധയില്‍ പെട്ടു. ഇതോടെയാണ് മുതല ഏറ്റുമുട്ടിയത് പെരുമ്പാമ്പിനോടല്ല അസാധാരണ വലിപ്പമുള്ള അണലിയോടാണെന്ന് മനസിലായത്. കരയില്‍ മാത്രം കാണപ്പെടുന്ന അണലി എങ്ങനെ വെള്ളത്തിലെത്തി എന്നതാണ് അത്ഭുതം. എലികളെയും മറ്റും തിന്നു ജീവിക്കുന്ന അണലിക്ക് ഒരിക്കലും ഒരു മുതലയെ പിടികൂടാനോ ഭക്ഷിക്കാനോ കഴിയില്ല. അതിനാല്‍ തന്നെ ഇര തേടിയാകില്ല അണലി വെള്ളത്തിലെത്തിയതെന്നാണ് കരുതുന്നത്.

 

 

 

പെരുമ്പാമ്പിന്റെ വലിപ്പമുണ്ടായിരുന്നെങ്കിലും അതിന്റെ പേശീബലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മുതലയ്ക്ക് മുന്നില്‍ അണലിക്ക് കീഴടങ്ങേണ്ടി വന്നു. മുതല പാമ്പിനെ ചവച്ചുതുപ്പുകയാണ് ചെയ്തത്. അതേസമയം മുതല എത്ര നേരം ജീവിച്ചിരിക്കുമെന്നതില്‍ റിഷാനി സംശയം പ്രകടിപ്പിച്ചു. കാരണം ലോകത്തിലെ തന്നെ ഏറ്റവും വിഷം കൂടിയ പാമ്പുകളില്‍ ഒന്നായ അണലി പല തവണ പോരാട്ടത്തിനിടെയില്‍ മുതലയെ കടിച്ചിരുന്നു. അതുകൊണ്ട് തന്നെ പോരാട്ടത്തില്‍ അണലിയെ തോല്‍പ്പിച്ചെങ്കിലും മുതലയുടെ വിജയം താല്‍ക്കാലികം മാത്രമാണെന്ന് റിഷാനി പറഞ്ഞു.