കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ചു; സൂര്യയെയും പൃഥ്വിരാജിനെയും ചലഞ്ചില്‍ വെല്ലുവിളിച്ച് മോഹന്‍ലാല്‍

single-img
31 May 2018

കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് മോഹന്‍ലാല്‍. ഡംബല്‍സ് കൈയിലേന്തി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒപ്പം മോഹന്‍ലാല്‍ ഫിറ്റ്നസില്‍ യുവതാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് ‘ ചലഞ്ച് കാംപെയ്നുമായി ബന്ധപ്പെട്ട് കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് മോഹന്‍ലാലിനെയും ചലഞ്ച് ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മോഹന്‍ലാല്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിലാണ് സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരെ മോഹന്‍ലാല്‍ ചലഞ്ച് ചെയ്തത്.

ഒരാഴ്ച മുന്‍പാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. വിരാട് കോഹ്ലി, ഹൃത്വിക് റോഷന്‍, സൈന നെഹ്വാള്‍ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ദുല്‍ഖര്‍ സല്‍മാനെ വെല്ലുവിളിച്ച് തെലുങ്ക് നടനും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.