തിരുവനന്തപുരത്ത് യുവതിയെ തോക്കുചൂണ്ടി പീഡിപ്പിച്ച സംഭവം: പോത്ത് ഷാജി കസ്റ്റഡിയില്‍

single-img
30 May 2018

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായതായി സൂചന. വിതുര തൊളിക്കോട് സ്വദേശി പോത്ത് ഷാജി എന്ന ഷാജിയെ ഇന്നലെ രാത്രിയോടെ പൊലീസ് തലസ്ഥാനത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തു എന്നാണ് വിവരം.

പീഡനത്തിലും മര്‍ദ്ദനത്തിലും ദേഹമാസകലം പരിക്കേറ്റ് അവശയായ ഇരുപത്തെട്ടുകാരിയായ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് വിതുരയ്ക്കടുത്താണ് സംഭവം. യുവതിയുടെ ഭര്‍ത്താവിനെ അന്വേഷിച്ച് വന്ന ഷാജി വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കി അതിക്രമിച്ച് കയറി യുവതിയെ കൈയേറ്റം ചെയ്യുകയായിരുന്നു.

എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയെ അടിച്ചും മര്‍ദ്ദിച്ചും അവശയാക്കി. എയര്‍റൈഫിള്‍ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പാലോട് സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് വിതുരയിലെത്തിയത്.

വിതുരയില്‍ രണ്ടാം ഭര്‍ത്താവുമൊരുമിച്ച് പോത്ത് ഷാജിയുടെ വീട്ടില്‍ വാടകയ്ക്കായിരുന്നു താമസം. പോത്ത് ഷാജിയുടെ അടുത്ത സുഹൃത്താണ് യുവതിയുടെ ഭര്‍ത്താവ്. ഭീഷണിപ്പെടുത്താനുപയോഗിച്ചു എന്ന് പറയപ്പെടുന്ന പക്ഷികളേയും മറ്റും വെടിവെക്കാനുപയോഗിക്കുന്ന എയര്‍റൈഫിള്‍ തോക്കും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതും മോഷണ വസ്തുവാണ്. കൊലപാതകം, മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി തലസ്ഥാനത്തെ സ്റ്റേഷനുകളില്‍ 153 പരാതികള്‍ ഇയാളുടെ പേരിലുള്ളതായി പൊലീസ് പറയുന്നു.