കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് മൊഴി: കേസില്‍ എസ്‌ഐയും എഎസ്‌ഐയും പ്രതിയാകും

single-img
30 May 2018

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ നവവരന്‍ കെവിന്‍ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോട്ടയത്തെത്തിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ ചാക്കോ ജോണ്‍, സഹോദരന്‍ ഷാനു ചാക്കോ, ക്വട്ടേഷന്‍ സംഘമായ മനു എന്നിവരെയാണ് പുലര്‍ച്ചയോടെ കോട്ടയത്തെത്തിച്ചത്. ഇവരെ ഐജി വിയജ് സാഖറെയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

ഇതിനിടെ കേസില്‍ റിമാന്‍ഡിലായ റിയാസ്, നിയാസ്, ഇഷാന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ 10 ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

കേസിലെ മുഖ്യപ്രതികളായ ചാക്കോ ജോണും ഷാനു ചാക്കോയും കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശത്താണു കരിക്കോട്ടക്കരി. ഇതോടെ, കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി.

അതേസമയം, മര്‍ദനമേറ്റ് അവശനായ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ചതാണ് ഈ വിവരം.

നീനുവിനെ കൊണ്ടുവരാനെന്നുപറഞ്ഞാണ് തങ്ങളെ ഒപ്പം കൂട്ടിയതെന്നും ഇവര്‍ പറഞ്ഞു. ഇവര്‍ പറയുന്നത് പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. നീനുവിനെക്കുറിച്ച് വിവരം കിട്ടാതായതോടെ കെവിന്‍ എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവര്‍ പറഞ്ഞു. അനീഷിന്റെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞാണ് രാത്രിയില്‍ അവിടെ ചെന്നത്.

നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി. അയല്‍വാസികള്‍ ഉണര്‍ന്നെത്തി കൂടുതല്‍ ബഹളം ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും വണ്ടിയില്‍ കയറ്റിയത്. ഇതൊന്നും മുന്‍കൂട്ടി തയ്യാറാക്കിയവയായിരുന്നില്ലെന്നാണ് മൂവരും പറഞ്ഞത്.

എല്ലാകാര്യങ്ങളും ഷാനു പറഞ്ഞതനുസരിച്ചാണ് ചെയ്തത്. മൂന്ന് വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തില്‍വെച്ച് ഇരുവരെയും മര്‍ദിച്ചതും ഷാനുവാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ഒന്നും അറിയില്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ അനീഷിനെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു.

വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്താല്‍ നീനു എവിടെയുണ്ടെന്ന് കെവിന്‍ പറയുമെന്ന നിലപാടായിരുന്നു ഷാനുവിന്. മദ്യം ഉള്ളില്‍ച്ചെന്നിട്ടും കെവിന്‍ ഒന്നും പറഞ്ഞില്ല.

‘ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവന്‍ ജീവിക്കണ’മെന്നും ഷാനു പറഞ്ഞതായി ഇവര്‍ അറിയിച്ചു. തെന്‍മല ഭാഗത്ത് ചെന്നപ്പോള്‍ കെവിന്‍ ഇറങ്ങിയോടിയെന്നും മരിച്ച വിവരം മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി.

അതേസമയം കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐയും എഎസ്‌ഐയും പ്രതിയാകും. തട്ടിക്കൊണ്ടുപോകല്‍ അറിഞ്ഞിട്ടും മറച്ചുവച്ചെന്നതാണു കുറ്റം. പ്രതികളുമായി എഎസ്‌ഐ ബിജു രണ്ടുതവണ സംസാരിച്ചു. തട്ടിക്കൊണ്ടുപോകലിനുശേഷമാണ് എസ്‌ഐ ഷിബു വിവരം അറിഞ്ഞത്. ഐജിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. അതേസമയം, ഐജി ഇന്ന് ഡിജിപിയെ കാണും.