ഇന്ധനവില ഒരു പൈസ കുറച്ചതിന് മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

single-img
30 May 2018

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16 ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചശേഷം ഒരു പൈസ കുറച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. ”മിസ്റ്റര്‍ മോദി, നിങ്ങള്‍ പെട്രോളിനും ഡീസലിനും ഓരോ പൈസ വീതം കുറച്ചു.

ഒരു പൈസ ?… ഇത് നിങ്ങളുടെ പ്രാങ്കി(തമാശ)നുള്ള ആശയമായിരുന്നോ ? എങ്കില്‍ ഇത് തികച്ചും ബാലിശവും മോശം പ്രവണതയുമായി പോയി.” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. തുടര്‍ച്ചയായ 17 ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് ഇന്ധനവില കുറഞ്ഞത്.

അതും ഓരോ പൈസ വീതം. രാവിലെ എണ്ണ കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 60 പൈസ കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ഡീസലിന് 56 പൈസയും. എന്നാല്‍ മണിക്കൂറുകള്‍ക്കം ഇത് ഒരു പൈസ മാത്രമാക്കി തിരുത്തുകയായിരുന്നു.

കണക്കില്‍ വന്ന പിശകാണെന്നും ഒരു പൈസ മാത്രമാണ് കുറക്കാന്‍ കഴിയുക എന്നുമായിരുന്നു എണ്ണ കമ്പനികള്‍ തുടര്‍ന്ന് നല്‍കിയ വിശദീകരണം. പ്രധാനമന്ത്രി മോദിക്കെതിരെ കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ ഫ്യുവല്‍ ചലഞ്ചുമായി രംഗത്തെത്തിയത്.

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള ‘ഹം ഫിറ്റ് ഇന്ത്യാ ചലഞ്ച്’ ല്‍ പങ്കെടുത്തശേഷം ക്രിക്കറ്റ് താരം വിരാട് കോലി ചലഞ്ചില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദിയെയും ക്ഷണിച്ചിരുന്നു. കോലിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ ഉടന്‍തന്നെ പങ്കുവയ്ക്കുമെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ഫ്യുവല്‍ ചലഞ്ചുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘ഇന്ധനവില കുറയ്ക്കൂ. അല്ലാത്തപക്ഷം കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുകയും അതിന്റെ ഫലമായി വില കുറയ്ക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാവുകയും ചെയ്യും. ഫ്യുവല്‍ ചലഞ്ചിനുള്ള മറുപടിക്കായി കാത്തിരിക്കുന്നു’ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.