പ്രിയങ്ക ചോപ്ര പ്രണയത്തില്‍?; കാമുകന്‍ 25കാരനായ നിക് ജോനാസ്

single-img
30 May 2018

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ്രണയത്തിലാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസാണ് പ്രിയങ്കയുടെ കാമുകന്‍ എന്നാണ് വാര്‍ത്ത. പ്രിയങ്കയും നിക്കും പങ്കെടുത്ത ഒരു പൊതുപരിപാടിയെ കുറിച്ച് യു.എസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ:

‘പ്രിയങ്കയും നിക്കും പ്രണയത്തിലാണ്. അതാണ് ഏറ്റവും പുതിയ വാര്‍ത്ത. അവര്‍ നല്ല ജോഡികളാണ്. രണ്ടു പേര്‍ക്കും പരസ്പരം താല്പര്യമുണ്ട്. ഇരുവരും വളരെ അടുത്ത രീതിയിലാണ് പരസ്പരം സംസാരിക്കുന്നതും. പൊതുയിടങ്ങളില്‍ പോലും സ്വകാര്യത ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചില്ല’.

കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് 35കാരിയായ പ്രിയങ്കയും 25കാരനായ നിക്കും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

ഇതോടെ ഇരുവരെയും കുറിച്ച് ഗോസിപ്പുകള്‍ പരക്കാനും തുടങ്ങി. ഇതേ തുടര്‍ന്ന് പ്രമുഖ അവതാരകനായ ജിമ്മി കിമ്മല്‍ ഒരു അഭിമുഖത്തില്‍ ഈ ഗോസിപ്പിനെക്കുറിച്ച് പ്രിയങ്കയോട് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് പ്രിയങ്ക ചിരിച്ചുതള്ളുകയാണ് ചെയ്തത്.

‘ഞങ്ങള്‍ രണ്ടു പേരും റാല്‍ഫ് ലോറെന്‍ വസ്ത്രമാണ് അന്ന് തിരഞ്ഞെടുത്തിരുന്നത്. അതിനാലാണ് ഒരുമിച്ച് പോകാന്‍ തീരുമാനിച്ചത്. അത് വളരെ നല്ല അനുഭവമായിരുന്നു. ഞാന്‍ നിക്കിന്റെ പ്രായം ചോദിച്ചില്ല. എത്രയാണ് പതിനൊന്നോ?’ എന്നാണ് അന്ന് പ്രിയങ്ക ഇതിനോട് പ്രതികരിച്ചത്.