‘മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ മതി; വിധി പറയാന്‍ നില്‍ക്കേണ്ട’; മാധ്യമങ്ങള്‍ നാടിനെ അപമാനിക്കുന്നുവെന്നും മുഖ്യമന്ത്രി

single-img
30 May 2018

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മാധ്യമങ്ങള്‍ മാധ്യമധര്‍മമാണ് ചെയ്യേണ്ടത്.

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ മതി, വിധി പറയാന്‍ നില്‍ക്കേണ്ട. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. മാധ്യമങ്ങള്‍ ഏകപക്ഷീയമായി വിധി പറയുകയാണ്. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കെവിന്‍ വധക്കേസില്‍ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പൊലീസ് സേനയ്ക്കാകെ വീഴ്ചസംഭവിച്ചതായി കാണുന്നില്ല. 60,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ഉള്ളത്.

പ്രതിപക്ഷ നേതാവ് നടത്തുന്നത് വിടുവായത്തമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ പദവി എന്താണെന്ന് ചെന്നിത്തലയ്ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ചെന്നിത്തല വിടുവായത്തം പറയാന്‍ കേമനാണ്. ഡിജിപിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണ്.

ഡിജിപി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം തന്നോടല്ല ചോദിക്കേണ്ടത്. സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവരോട് ചോദിക്കണം. കൊല്ലപ്പെട്ട കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.

വീട് സന്ദര്‍ശിക്കുന്നതിലല്ല കാര്യം, കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിലാണ്. ഒരു സ്ഥലത്ത് മുഖ്യമന്ത്രിയുടെ പരിപാടി നടന്നാല്‍ സ്റ്റേഷന്‍ പരിധിയിലെ എസ്.ഐ സ്ഥലത്ത് ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്. കോട്ടയം ഗാന്ധിനഗറില്‍ താന്‍ പങ്കെടുത്ത പരിപാടി വൈകീട്ട് ആയിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം രാവിലെ നടന്നിട്ടും പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. ഇത് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.