തുടര്‍ച്ചയായ പതിനാറു ദിവസങ്ങള്‍ക്കുശേഷം ഇന്ധനവിലയില്‍ നേരിയ കുറവ്

single-img
30 May 2018

തിരുവനന്തപുരം: തുടര്‍ച്ചയായ പതിനാറ് ദിവസമായി ഉയര്‍ന്നു കൊണ്ടിരുന്ന പെട്രോള്‍ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82 രൂപയും ഡീസലിന് 74.60 പൈസയുമായി.

രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച് മാറ്റം വരുത്താവുന്ന തരത്തില്‍ സിംഗപ്പൂര്‍ ഗാസോലിന്‍, അറബ് ഗള്‍ഫ് ഡീസല്‍ വിലയുമായി ബന്ധിപ്പിച്ചാണ് ഇന്ത്യയിലെ ഇന്ധവിലയില്‍ മാറ്റം വരുത്തുന്നത്. ഇന്ധനനീക്കത്തിന് സഹായം നല്‍കാമെന്ന് സൗദി അറേബ്യയും റഷ്യയും സമ്മതിച്ചതോടെ ഇന്ധനവില ബാരലിന് 75 ഡോളറായി കുറഞ്ഞിരുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി 19 ദിവസത്തോളം ഇന്ധനവിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനു പിന്നാലെ പെട്രോളിന് 3.8 രൂപയും ഡീസലിന് 3.38 രൂപയും കൂട്ടിയിരുന്നു. സംസ്ഥാന നികുതി ഏറ്റവും കുറവുള്ള ഡല്‍ഹിയിലാണ് മെട്രോനഗരങ്ങളില്‍ ഇന്ധനവില ഏറ്റവും കുറവുള്ളത്.