16 ദിവസത്തിനു ശേഷം മോദി സര്‍ക്കാര്‍ പെട്രോളിന് വില കുറച്ചു: എത്രയെന്നോ?; ഒരുപൈസ

single-img
30 May 2018

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന് 60 പൈസയും ഡീസലിന് 59 പൈസയും കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്. പെട്രോളിന് ഒരു പൈസയും ഡീസലിന് മൂന്ന് പൈസയുമാണ് യഥാര്‍ത്ഥത്തില്‍ കുറഞ്ഞത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന പിഴവാണ് ഇന്ധന വിലയില്‍ 60 പൈസ കുറഞ്ഞെന്ന വാര്‍ത്ത വന്നതിന് പിന്നില്‍.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ രാവിലെ ട്വീറ്റ് ചെയ്തത് പെട്രോളിനും ഡീസലിനും യഥാക്രമം 60 പൈസയും 59 പൈസയും വീതം കുറഞ്ഞതായിട്ടാണ്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തന്നെ യഥാര്‍ഥത്തില്‍ കുറഞ്ഞത് ഒരു പൈസ മാത്രമാണെന്ന് അറിയിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 81.96 രൂപയും ഡീസലിന് 74.57 രൂപയുമാണ് നിരക്ക്. എന്നാല്‍, യഥാക്രമം 82.57 രൂപയും 75.14 രൂപയും പമ്പുകള്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 16 ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 3.74 രൂപയും ഡീസലിന് ശരാശരി 3.38 രൂപയുമാണ് കൂടിയത്.

കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില കുറയും

തിരുവനന്തപുരം: ദിനം പ്രതി ഇന്ധന വില കുതിച്ചുയരുമ്പോള്‍ അല്‍പാശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. പെട്രോളിന്റെയും ഡീലസലിന്റെ.യും നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായ തീരുമാനം കൈക്കൊണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എത്ര രൂപയാണ് കുറയ്‌ക്കേണ്ടതെന്ന് ധനവകുപ്പാണ് തീരുമാനിക്കുക. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി. കേന്ദ്ര സര്‍ക്കാര്‍ വിലകുറയ്ക്കല്‍ നടപടികള്‍ കൈക്കൊള്ളുന്ന മുറയ്ക്കു കേരളം ഈ ഇളവു പിന്‍വലിക്കും.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.– പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%.

ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വന്‍ വര്‍ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നത്. ഇത്തരത്തില്‍ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.