അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: 16 പ്രതികള്‍ക്കും ജാമ്യം

single-img
30 May 2018

കൊച്ചി: അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ആകെ പതിനാറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മുക്കാലിക്കു സമീപമാണു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അരിയും മുളകും മോഷ്ടിച്ചെന്നാരോപിച്ചാണു നാട്ടുകാര്‍ മനോരോഗ ലക്ഷണമുള്ള മധുവിനെ പിടികൂടിയത്. മുക്കാലിയിലെ വനാതിര്‍ത്തിയില്‍ പാറക്കെട്ടിനുള്ളില്‍ കഴിഞ്ഞിരുന്ന മധുവിനെ ഉടുതുണികൊണ്ടു കൈകള്‍ കെട്ടി ചോദ്യം ചെയ്തു. ചിലര്‍ മര്‍ദിച്ചു. പിന്നീടു മുക്കാലി ജംഗ്ഷനില്‍ പരസ്യ വിചാരണയും നടത്തി.

നാട്ടുകാര്‍ മധുവിനെ പൊലീസിനു കൈമാറിയ ശേഷം അഗളിയിലേക്കു പോകവേ മധു പൊലീസ് വാഹനത്തില്‍ ഛര്‍ദിച്ചു. ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. എന്നാല്‍ കള്ളനെ പിടികൂടിയെന്ന വാക്കുകളോടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തായതോടെയാണ് പ്രതികള്‍ പിടിയിലായത്.

നാളുകളായി പ്രദേശത്തെ കടകളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നതു പതിവാണെന്നു പരാതിയുണ്ടായിരുന്നു. കടകളിലെ സിസിടിവി ദൃശ്യത്തില്‍ നിന്നു ലഭിച്ച മോഷ്ടാവിന്റെ ദൃശ്യത്തോടു സാദൃശ്യമുള്ളതിനെ തുടര്‍ന്നാണു മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തത്.