കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില കുറയും

single-img
30 May 2018

തിരുവനന്തപുരം: ദിനം പ്രതി ഇന്ധന വില കുതിച്ചുയരുമ്പോള്‍ അല്‍പാശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. പെട്രോളിന്റെയും ഡീലസലിന്റെയും നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എത്ര രൂപയാണ് കുറയ്‌ക്കേണ്ടതെന്ന് ധനവകുപ്പാണ് തീരുമാനിക്കുക. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി. കേന്ദ്ര സര്‍ക്കാര്‍ വിലകുറയ്ക്കല്‍ നടപടികള്‍ കൈക്കൊള്ളുന്ന മുറയ്ക്കു കേരളം ഈ ഇളവു പിന്‍വലിക്കും.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.– പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%.

ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വന്‍ വര്‍ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നത്. ഇത്തരത്തില്‍ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.