കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞ നിറത്തിലുള്ള പുള്ളികളോ അടയാളങ്ങളോ ഉണ്ടോ?; എങ്കില്‍ സൂക്ഷിക്കണം

single-img
30 May 2018

കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞ നിറത്തിലുള്ള പുള്ളികളോ അടയാളങ്ങളോ ഉണ്ടെങ്കില്‍ അത് മറവിരോഗത്തിന്റെ ലക്ഷണമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

110 ഓളം പേരെ പങ്കെടുപ്പിച്ചായിരുന്നു പഠനം. രണ്ടു വര്‍ഷത്തോളം ചെലവഴിച്ചായിരുന്നു ഗവേഷണം. മറവിരോഗം പിടിപെട്ടവരുടെ കണ്ണുകള്‍ രണ്ടു വര്‍ഷത്തിന് ശേഷം പരിശോധിച്ചപ്പോള്‍ അവരിലൊക്കെയും ഇത്തരം മഞ്ഞ നിറത്തിലുള്ള പുള്ളികളും അടയാളങ്ങളും ക്രമാതീതമായി വര്‍ധിച്ചിരുന്നു.

നേത്രപടലത്തിന് താഴെയാണ് ഇത്തരം മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണാന്‍ കഴിയുക. മിക്കവാറും സ്‌കാനിങ് നടത്തിയാണ് ഇവ കണ്ടെത്തുന്നത്. കൊഴുപ്പും കാല്‍ഷ്യവും കൂടിചേര്‍ന്നാണ് മഞ്ഞ നിറത്തിലുള്ള ഈ പാളി രൂപപ്പെടുന്നത്.

വാര്‍ധക്യത്തിലേക്ക് അടുക്കുമ്പോഴാണ് ഇവ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക. എന്നാല്‍ ഇവ പ്രായത്തിന്റേതായി കണക്കാക്കി മിക്കവരും തള്ളിക്കളയും. എന്നാല്‍ ഇവ മറവിരോഗത്തിന്റെ ലക്ഷണമാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മറവിരോഗമുള്ളവരിലെ രക്തക്കുഴലുകള്‍ കട്ടി കൂടിയതായിരിക്കുമെന്നും രക്തയോട്ടത്തിന്റെ വേഗത വളരെ കുറവായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.