എയര്‍സെല്‍മാക്‌സിസ് കേസ്: പി ചിദംബരത്തെ ജൂണ്‍ അഞ്ച് വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു

single-img
30 May 2018

എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെ ജൂണ്‍ അഞ്ച് വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പടുവിച്ചത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും കോടതി നോട്ടീസ് അയച്ചു.

എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ജൂണ്‍ അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി ചിദംബരത്തിന് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് രാവിലെ ദില്ലി പട്യാല ഹൗസ് കോടതിയില്‍ ചിദംബരം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കപ്പെടുന്നതായി ചിദംബരത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

കേസ് രാഷ്ട്രീയ പ്രേരിതമാണ്. അന്വേഷണവുമായി ചിദംബരം സഹകരിക്കുമെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയച്ചത്. കേസ് ഇനി പരിഗണിക്കുന്ന ജൂണ്‍ അഞ്ച് വരെ ചിദംബരത്തിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2006ല്‍ നടന്ന എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ നിന്നുള്ള അനുമതി ലഭ്യമാകുന്നതിന് ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം ഇടപെട്ടിട്ടുണ്ടോ എന്ന കാര്യമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. നേരത്തെ കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.