നിപ്പ വൈറസ് ബ്രോയിലര്‍ കോഴികളിലൂടെയാണ് പടരുന്നത് എന്ന വ്യാജസന്ദേശം: യുവാവിനെതിരെ കേസെടുത്തു

single-img
30 May 2018

നിപ്പ വൈറസ് ബ്രോയിലര്‍ കോഴികളിലൂടെയാണ് പടരുന്നത് എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം. സുനില്‍കുമാറിനെതിരെ (28) ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്ന് ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.

വവ്വാലുകളില്‍ വൈറസ് കണ്ടെത്താനായില്ലെന്നും എന്നാല്‍ കോഴിക്കോട് നിന്നും എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ കണ്ടെത്തിയെന്നും പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ.ആനന്ദ് ബസു അറിയിച്ചതായുള്ള വാട്‌സാപ്പ് സന്ദേശമാണ് പ്രചരിപ്പിച്ചത്.

കൂടുതല്‍ പഠനം തുടരുകയാണെന്നും ഇറച്ചിക്കോഴികളുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും പറയുന്ന സന്ദേശം, ‘ഷെയര്‍ ചെയ്യൂ ജീവന്‍ രക്ഷിക്കൂ’ എന്ന ആഹ്വാനത്തോടെയാണ് അവസാനിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്ത മൊബൈല്‍ നമ്പറാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അതീവഗുരുതരമായ കുറ്റകൃത്യമായാണ് ആരോഗ്യവകുപ്പ് കാണുന്നതെന്നും സൈബര്‍സെല്ലിന്റെയും പൊലീസിന്റെയും സഹകരണത്തോടെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു.