കെവിന്റെ കൊലപാതകം: സസ്‌പെന്‍ഷനിലായ എഎസ്‌ഐ ബിജുവും പട്രോള്‍ സംഘത്തിലെ ഡ്രൈവറും അറസ്റ്റില്‍

single-img
30 May 2018

കെവിന്റെ കൊലപാതക കേസില്‍ സസ്‌പെന്‍ഷനിലായ എഎസ്‌ഐ ബിജുവും പട്രോള്‍ സംഘത്തിലെ ഡ്രൈവറും അറസ്റ്റിലായി. ഗുണ്ടാ സംഘത്തിന് ഇവര്‍ പിന്തുണ നല്‍കിയെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

കെവിന്റെ സുഹൃത്തുക്കള്‍ രാത്രി ഒരു മണി വരെ കെവിനൊപ്പം താമസസ്ഥലത്തുണ്ടായിരുന്നു. അവര്‍ പോയ വിവരം അക്രമിസംഘത്തെ അറിച്ചത് പൊലീസ് പട്രോളിങ് സംഘമാണ്. അക്രമം കഴിഞ്ഞു മടങ്ങും വരെ പട്രോളിങ് സംഘം കാവല്‍ നില്‍ക്കുകയും ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം കൈക്കൂലി വാങ്ങിയതിലും അന്വേഷണം തുടങ്ങി.

കുറ്റകൃത്യം അറിഞ്ഞിട്ടും എസ്‌ഐ എംഎസ് ഷിബു അതു മറച്ചുവച്ചതായും ഐജിയുടെ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ എസ്‌ഐയ്‌ക്കെതിരെ അന്വേഷണത്തിന് തയാറാകാതെ പൊലീസ് ഒളിച്ചുകളിക്കുകയാണ്. നടപടികളിലെ വീഴ്ച എന്നതിനപ്പുറം കെവിനെ തട്ടിക്കൊണ്ടുപോകല്‍, മര്‍ദിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്ത് പൊലീസ് പ്രതികളെ സഹായിച്ചെന്നാണ് ഐജി വിജയ് സാഖറെയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍.

കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഈ വിവരം എഎസ്‌ഐ ബിജുവിനെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം രണ്ടു തവണ ഫോണ്‍വിളിച്ചു. കെവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതും അറിയിച്ചു. പക്ഷേ ബിജു ഇതെല്ലാം മറച്ചുവച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, പ്രതികള്‍ സഞ്ചരിച്ച മൂന്നാമത്തെ വാഹനവും കണ്ടെടുത്തു. പുനലൂരില്‍നിന്ന് ഇന്നു രണ്ടു കാറുകള്‍ കണ്ടെടുത്തിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഗഘ 24 ങ 6774 നമ്പറിലുള്ള കാറാണ് പൊലീസ് പുനലൂരില്‍നിന്ന് ആദ്യം പിടിച്ചത്.

അതിനിടെ, കെവിന്‍ കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതി സാനു ചാക്കോ, പിതാവ് ചാക്കോ, പുനലൂര്‍ സ്വദേശി മനു എന്നിവരെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം കോട്ടയത്ത് യോഗം ചേര്‍ന്നു. ഐജി വിജയ് സാഖറെ, എസ്പി ഹരിശങ്കര്‍ തുടങ്ങിയവര്‍ അന്വേഷണ വിവരങ്ങള്‍ വിശദീകരിച്ചു.