കേരളത്തില്‍ ജൂണ്‍ ഒന്നുമുതല്‍ ഇന്ധനവില ഒരു രൂപ കുറയും

single-img
30 May 2018

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ധന വില വര്‍ദ്ധന ഉണ്ടാകുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വയ്ക്കുന്നതിനാലാണിത്.

ഇതിലൂടെ സംസ്ഥാനത്തിന് 509 കോടിയുടെ നഷ്ടമുണ്ടാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്രത്തിന് ഒരു സന്ദേശമാണ്. ഞങ്ങള്‍ ഇങ്ങനെ ചെയ്തു, നിങ്ങളും വില കുറയ്ക്കണം.

രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാലും നമ്മുടെ നാട്ടില്‍ വില കൂടുന്ന പ്രവണതയാണ് കാണുന്നത്. രാജ്യമാകെ പെട്രോള്‍ വില കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കേന്ദ്രം അതു മുഖവിലയ്‌ക്കെടുക്കുന്നില്ല. ഉപഭോക്താവ് കൂടുതല്‍ വില നല്‍കേണ്ട സാഹചര്യമാണിപ്പോഴുള്ളത്.

ജനങ്ങള്‍ ദുരിതത്തിലാണ്. അവരെ ഇതില്‍നിന്നു രക്ഷിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം സഹിക്കുക വലിയ പ്രയാസമാണ്. എന്നാല്‍ കേന്ദ്രത്തിന് ഒരു സന്ദേശമായാണ് ഇത്രയും നഷ്ടം കേരളം സഹിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.