‘അച്ഛാ ദിന്‍ മോഹിച്ചവര്‍ക്ക് ഇനി അയ്യോ ദിന്‍’: ഇന്ധനവിലവര്‍ധനയ്ക്കു പുറമെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടും

single-img
29 May 2018

അനുദിനമുള്ള ഇന്ധനവില വര്‍ദ്ധന മൂലം നട്ടം തിരിയുന്ന പൊതുജനത്തിന് ഇരുട്ടടിയായി വിലക്കയറ്റമെത്തുമെന്ന് റിപ്പോര്‍ട്ട്. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, സോപ്പ്, സോപ്പ്‌പൊടി, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മൂതല്‍ ഏഴ് ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.

നിത്യോപയോഗ സാധനങ്ങളായത് കൊണ്ട് തന്നെ വില വര്‍ദ്ധിപ്പിച്ചാലും ഉപയോഗത്തില്‍ കുറവുണ്ടാകില്ലെന്നതാണ് കമ്പനികളുടെ നിരീക്ഷണം. വിലക്കയറ്റം മൂലം പണപ്പെരുപ്പമുണ്ടാകുമെന്നും നീരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ 178 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. ഇതേ തുടര്‍ന്ന് സോപ്പുത്പന്നങ്ങള്‍, ഷാംപൂ, ലഘുഭക്ഷണം, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വില 10 മുതല്‍ 20 ശതമാനം വരെ കുറഞ്ഞു.

ഈ വിലക്കുറവ് പണപ്പെരുപ്പ നിരക്കുകളെ കാര്യമായി സ്വാധീനിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായത്. ബാരലിന് 80 ഡോളറിലെത്തിയ വില കഴിഞ്ഞ ദിവസമാണ് 75ലേക്ക് താഴ്ന്നത്. എന്നാല്‍ ബാരലിന് വില കുറഞ്ഞിട്ടും സമാനമായ വിലക്കുറവ് ഇന്ധനവിലയില്‍ പ്രതിഫലിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.