നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയിച്ചു വിവാഹം കഴിച്ചവര്‍: പക്ഷേ നീനുവിന്റെ പ്രണയം മാത്രം അവര്‍ അംഗീകരിച്ചില്ല; ഒടുവില്‍…

single-img
29 May 2018

പ്രണയത്തിന്റെ പേരില്‍ ദുരഭിമാന കൊലപാതകം നടത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും പ്രണയിച്ചു വിവാഹം കഴിച്ചവര്‍. മരണപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയും രഹനബീവിയും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു.

നീനുവിന്റെ പിതാവ് ചാക്കോയും രഹനബീവിയുമായുള്ള പ്രണയത്തിനു രഹനയുടെ വീട്ടുകാര്‍ സമ്മതം മൂളിയപ്പോള്‍ ചാക്കോയുടെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ തെന്മല പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടായിരുന്നു.

പിന്നീട് ഒത്തു തീര്‍പ്പിലൂടെയാണു വിവാഹം നടന്നതെന്നു നാട്ടുകാര്‍ പറയുന്നു. ചാക്കോയുടെ ബന്ധുക്കള്‍ക്ക് ഈ ബന്ധം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോഴും ചാക്കോയുടെ വീട്ടുകാര്‍ ഇവരുമായി വലിയ അടുപ്പത്തിലല്ല എന്നും രഹനയുടെ വീട്ടുകാരുമാണ് സഹകരണം എന്നും നാട്ടുകാര്‍ പറയുന്നു.

വിവാഹ ശേഷം ചാക്കോ രഹനയേയും കൂട്ടി വിദേശത്തേയ്ക്കു പോയി. പിന്നീട് ഏറെ കാലത്തിനു ശേഷമാണു തിരില്‍ നാട്ടില്‍ തിരികെ എത്തിയത്. ചാക്കോയുടെ മകനും നീനുവിന്റെ മൂത്ത സഹോദരനുമായ ഷാനു തീരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയിച്ചാണു വിവാഹം കഴിച്ചത്.

നീനു ചാക്കോ ബിരുദപഠനത്തിനാണു കോട്ടയത്തെത്തിയത്. അവിചാരിതമായി കെവിന്‍ പി. ജോസഫിനെ പരിചയപ്പെട്ടു. ഇരുവരും പ്രണയത്തിലായി. കോഴ്‌സ് കഴിഞ്ഞു നീനു മടങ്ങിയശേഷവും പ്രണയം തുടര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച നീനുവിന്റെ എതിര്‍പ്പു മറികടന്നു വീട്ടുകാര്‍ വേറെ വിവാഹം ഉറപ്പിച്ചു.

തുടര്‍ന്ന് പരീക്ഷയുടെ ആവശ്യത്തിനെന്ന പേരില്‍ നീനു കോട്ടയത്തേക്കു പോന്നു. കെവിന്റെ കടുത്തുരുത്തിയിലുള്ള ബന്ധുവീട്ടിലാണ് അന്നു നീനുവിനെ താമസിപ്പിച്ചത്. വെള്ളിയാഴ്ച വിവാഹ റജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കി.

തുടര്‍ന്ന് ഒരുമിച്ചു ജീവിക്കാന്‍ കരാറില്‍ ഒപ്പുവച്ചു. വിവാഹം കഴിഞ്ഞതായി നീനു വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ ഇടപെടല്‍ ഭയന്ന് നീനുവിനെ കെവിന്‍ രഹസ്യമായി ഹോസ്റ്റലിലേക്കു മാറ്റി. ദലിത് ക്രൈസ്തവ വിഭാഗത്തിലുള്ള കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടുകാര്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. സാമ്പത്തികനിലയിലെ അന്തരവും പ്രശ്‌നമായി. ഇതായിരുന്നു ദുരഭിമാനക്കൊലയുടെ യഥാര്‍ത്ഥ കാരണം.

നീനുവിന്റെ അമ്മയുടെ ബന്ധുക്കളും സാനുവിന്റെ സുഹൃത്തുക്കളുമാണ് ദുരഭിമാനക്കൊലയ്ക്ക് കൂട്ടുനിന്നത്. ഇതില്‍ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരുമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അപ്പുറമുള്ള ദുരഭിമാനക്കൊലയാണ് കെവിന്റേത്.