നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ രണ്ട് കുട്ടികള്‍ക്കും പനി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
29 May 2018

പേരാമ്പ്രാ താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ രണ്ടു മക്കള്‍ക്കും പനി. കഴിഞ്ഞ ദിവസം കുട്ടികള്‍ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടി. അഞ്ചും രണ്ടും വയസുള്ള റിഫുലും സിദ്ധാര്‍ത്ഥുമാണു പനി ബാധിച്ച് ചികിത്സ തേടിയത്.

അതേസമയം ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ പനിയാണ് കുട്ടികള്‍ക്കുള്ളത്. തുടര്‍ന്നാണ് നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത അറിയിച്ചു. മാരകമായ നിപാ വൈറസ് ബാധിച്ചു എന്നു തിരിച്ചറിയും മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. ലിനി പരിചരിച്ച് സാബിത്ത് എന്ന രോഗിയില്‍ നിന്നാണ് ഇവര്‍ക്കു നിപ വൈറസ് പകര്‍ന്നത്.

ചങ്ങോരത്തെ സൂപ്പികടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍തൃ സഹോദരന്റെ മക്കളായ സാലീഹ്, സാബിത്ത് എത്തിവര്‍ക്കാണ് ആദ്യം ഈ വൈറസ്ബാധ കണ്ടെത്തിയത്. രോഗം ബാധിച്ചു ദിവസങ്ങള്‍ക്കകം മൂവരും മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ സാബിത്തിനെ പരിചരിച്ചിരുന്ന ലിനിയും മരണത്തിന് കീഴടങ്ങി.