കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; ഹൃദയം തകര്‍ന്ന് നീനു: അച്ഛന്‍ ചാക്കോയെയും പോലീസ് പ്രതിയാക്കി

single-img
29 May 2018

കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കെവിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന മാന്നാനത്തെ വീട്ടിലാണ് മൃതദേഹം എത്തിച്ചിരിക്കുന്നത്. രാവിലെ പതിനൊന്നോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

തുടര്‍ന്ന് ആംബുലന്‍സില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കണ്ട് അലമുറയിട്ട് വീണ നീനുവിനെ പിടിച്ച് മാറ്റാന്‍ കെവിന്റെ അച്ഛന്‍ ഏറെ പണിപ്പെട്ടു. നീനുവിന്റെ സങ്കടം കണ്ടു നിന്നവരുടേയും ഹൃദയം നുറുക്കുന്നതായിരുന്നു.

കെവിന്റെ മാതാവും സഹോദരിയും ദുഖം സഹിക്കാനാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. കരളലിയിക്കുന്ന കാഴ്ചകളാണ് കെവിന്റെ വീട്ടില്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തിയിട്ടുണ്ട്. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌ക്കാരം.

വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ട്. ഹര്‍ത്താലായിട്ടും വളറെ ദൂരപ്രദേശത്ത്‌നിന്നും നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. അതിനിടെ കെവിന്‍ വധക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയെയും പോലീസ് പ്രതിയാക്കി. കേസില്‍ 14 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാക്കറെ പറഞ്ഞു.

ഗാന്ധിനഗര്‍ എസ്‌ഐ, എഎസ്‌ഐ എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റമില്ലെന്നും നടപടി ക്രമങ്ങളില്‍ ഇവരുടെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനമുണ്ടായതായും വിജയ് സാക്കറെ പറഞ്ഞു. ക്വട്ടേഷന്‍ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നീനുവിന്റെം അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.