കെവിന്റെ കൊലപാതകം; തിരുവഞ്ചൂരിനുനേരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം: കോട്ടയത്ത് ഹര്‍ത്താല്‍

single-img
29 May 2018

കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നത്. ഇതിനിടെ മോര്‍ച്ചറിക്കു മുന്നില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ചിലര്‍ മോര്‍ച്ചറി പരിസരത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി. എന്നാല്‍ ഷര്‍ട്ട് വലിച്ചുകീറിയ പ്രവര്‍ത്തകനെ അകത്തുകയറാന്‍ സിപിഎം പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.

ഇതിനിടെ കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മും സിഎസ്ഡിഎസും ബിഡിജെഎസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ ദളിത് സംഘടനകളും കേരള ജനപക്ഷവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്കു കടക്കുന്നതു തടയുകയാണു ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണു കേസില്‍ പ്രതികളായുള്ളത്.

മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.