കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം

single-img
29 May 2018

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന് വധുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തിയ കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. വെള്ളം ഉള്ളില്‍ച്ചെന്നുള്ള മുങ്ങിമരണം ആണെന്നാണ് പ്രാഥമിക നിഗമനം.

ശരീരത്തില്‍ പരുക്കുകളേറ്റിട്ടുണ്ടെങ്കിലും അവയൊന്നും മരണകാരണമായിട്ടില്ലെന്നാണ് വിവരം. അതേസമയം, ആന്തരികാവയവ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കൂ. അതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനുമാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലാകെ 14 പ്രതികളാണുള്ളതെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഐജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന ഡിവൈഎഫ്‌ഐ നേതാവും നീനുവിന്റെ ബന്ധുവുമായ നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കുപുറമെ സംഘത്തിലുണ്ടായിരുന്ന ഇഷാനും കസ്റ്റഡിയിലുണ്ട്. മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോ അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്.

തട്ടിക്കൊണ്ടു പോയ സംഘത്തില്‍പ്പെട്ട പത്തോളം പേര്‍ ഇനിയും പിടിയിലാകാനുണ്ട്. നീനുവിന്റെ സഹോദരന്‍ സാനു, റെനീസ്, സലാദ്, അപ്പു, ടിറ്റോ തുടങ്ങിയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നീനു ചാക്കോയുടെ മാതാപിതാക്കളും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോ, മാതാവ് രഹ്ന എന്നിവരെയാണു പ്രതികളാക്കുക.

തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശപ്രകാരമാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്കായി തെന്മല പൊലീസ് അന്വേഷണം നടത്തിവരികയാണ്. പൊലീസ് സംഘം തെന്മല ഒറ്റക്കലിലെ വീട്ടിലെത്തി പരിശോധന നടത്തി. ഇരുവരും ഒളിവിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.