കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് മൊഴി

single-img
29 May 2018

പ്രണയ വിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ വധു നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്നു വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്നു നീനുവിന്റെ അച്ഛന്‍ ചാക്കോയും ഉമ്മ രഹ്നയും പ്രതിയായ നിയാസിനോടു നേരിട്ട് ആവശ്യപ്പെട്ടതായി നിയാസിന്റെ ഉമ്മ പറഞ്ഞു.

ആദ്യം നിയാസ് നിഷേധിച്ചെങ്കിലും ശനിയാഴ്ച രാത്രി നീനുവിന്റെ സഹോദരന്‍ സാനുവെത്തി നിയാസിനെ കൂട്ടിക്കൊണ്ടുപോയി. നിയാസിനെ കേസില്‍ കുടുക്കിയതാണെനും നീനുവിന്റെ ബന്ധുകൂടിയായ ലൈലാ ബീവി പറഞ്ഞു.

അതിനിടെ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയാണെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. നീനുവിന്റെ അമ്മവഴിയുള്ള ബന്ധുക്കളാണിവര്‍

കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന വിവരവും ഇവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കള്‍ ഒളിവില്‍ പോയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്ത് കെവിനെ തട്ടിക്കൊണ്ടുപോകാനായി സംഘം രൂപീകരിച്ചത് ഷാനു ആണെന്നും കൊല ആസൂത്രണം ചെയ്തും ഇയാളാണെന്നും പിടിയിലായവര്‍ മൊഴി നല്‍കി. വീടാക്രമണം, കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി മുഴുവന്‍ സംഭവങ്ങളും ആസൂത്രണം ചെയ്തത് ഷാനു ചാക്കോയാണെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം ആക്രമണത്തിന് തലേദിവസം കോട്ടയത്ത് സംഘം ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്നും ഇവര്‍ക്ക് പ്രാദേശിക സഹായവും ലഭിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 13 പേരുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും നീനുവിന്റെ ബന്ധുക്കളാണ്.

ഇവരില്‍ രണ്ടുപേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസ് പറയുന്നു. വിദേശത്തായിരുന്ന ഷാനു ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. സഹോദരിയുടെ വിവാഹം സംബന്ധിച്ച വിവരം അറിഞ്ഞാണ് ഷാനു ഗള്‍ഫില്‍നിന്ന് നാട്ടിലേക്കെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.