ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍: നിരത്തില്‍ തരംഗമാകാന്‍ ഹോണ്ട ജാസ്

single-img
29 May 2018

കടുത്ത മത്സരം നിലനില്‍ക്കുന്ന വാഹനവിപണിയില്‍ പുത്തന്‍ തരംഗമാകാന്‍ ഒരുങ്ങുകയാണ് ഹോണ്ട ജാസ്. ഹാച്ച്ബാക്കായ ജാസിന്റെ വൈദ്യുത പതിപ്പാണ് ഹോണ്ടയുടെ പുതിയ ലക്ഷ്യം. വാഹനപ്രേമികളെ ആകര്‍ഷിക്കും വിധത്തിലുള്ള സജ്ജീകരണങ്ങളുമായാണ് ജാസിന്റെ വരവ്.

ഓരോ തവണ ഫുള്‍ ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ 300 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനൊരുങ്ങുന്നവരുടെ ആദ്യ ചോയ്‌സായി ജാസിനെ മാറ്റിയെടുക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

ഏകദേശം 18,000 ഡോളര്‍ ( 12.20 ലക്ഷം രൂപയാണ്) പുതിയ ഇലക്ട്രിക് ജാസിന് കണക്കാക്കുന്ന വില. നിലവിലെ ഇലക്ട്രിക് മോഡലുകളായ നിസാന്റെ ലീഫ്, ടെസ്ല, തുടങ്ങിയവയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്ക്കാണ് ജാസിനെ ഹോണ്ട പോര്‍ക്കളത്തിലിറക്കുന്നത്.

മികച്ച വിപണന സാധ്യതയുള്ള ചൈനീസ് വിപണിയിലേക്കാണ് ഹോണ്ട ബാറ്ററിയില്‍ ഓടുന്ന ജാസ് അവതരിപ്പിക്കുന്നത്. ജാസിന്റെ വൈദ്യൂതീകരണത്തിനായി ചൈനയിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മ്മാതാക്കളായ കണ്ടംപററി ആംപെറെക്‌സ് ടെക്‌നോളജിയുമായി ഹോണ്ട ധാരണയായിട്ടുണ്ട്.

വൈദ്യുത കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മികച്ച പ്രോത്സാഹനമാണ് ചൈനയും നല്‍കുന്നത്. ഇളവുകളും ആനുകൂല്യങ്ങളുമൊക്കെ ലഭിക്കുന്നതിനാല്‍ തന്നെ ചൈനയ്ക്ക് പിന്നാലെ ജാസ് ഇന്ത്യയിലേക്കും വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.

എന്നാല്‍ നയത്തില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് ഇന്ത്യയിലെ മോഡല്‍ ശ്രേണി വൈദ്യൂതീകരിക്കുന്നതില്‍ ഹോണ്ട അന്തിമതീരുമാനമെടുത്തിട്ടില്ല. സ്ഥിതി അനൂലമാകുന്നതോടെ സങ്കര ഇന്ധന മോഡലുകളും വൈദ്യുത കാറുകളും വില്‍പ്പനയ്‌ക്കെത്തിക്കുമെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ഹോണ്ട ജാസ് ലഭ്യമാണ്. ഓട്ടോമാറ്റിക് മോഡലിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.