നിപ്പ വൈറസ്: ചിക്കന്‍ കഴിക്കരുതെന്ന് ഡി.എം.ഒയുടെ പേരില്‍ വ്യാജ അറിയിപ്പ്

single-img
29 May 2018

കോഴിക്കോട്: നിപ വൈറസ് കോഴികളിലൂടെ പകരുമെന്നും അതിനാല്‍ കോഴി കഴിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരില്‍ വ്യാജ അറിയിപ്പ്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ സന്ദേശം വാട്‌സ്ആപ്പിലൂടെ വ്യാജമായി പ്രചരിക്കുകയാണ്.

ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഒപ്പും സീലുമുള്ള സന്ദേശം ഒറിജിനലിനെ പിന്നിലാക്കുന്ന വ്യാജനാണ്. തിങ്കളാഴ്ച രാത്രിയാണ് ഇതു പ്രചരിച്ചത്. ഒറ്റ രാത്രി കൊണ്ടു കേരളത്തിനകത്തും പുറത്തും കാട്ടുതീ പോലെ പടര്‍ന്നു. കോഴികളിലൂടെ നിപ വൈറസ് പകരുമെന്ന് ലാബ് പരീക്ഷണത്തില്‍ തെളിഞ്ഞതായാണ് അറിയിപ്പിലുള്ളത്.

തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന 60 ശതമാനം കോഴികളില്‍ നിപ വൈറസ് ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതായി പറയുന്നു. അതിനാല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കോഴി കഴിക്കരുതെന്നാണ് മുന്നറിയിപ്പ്.

അതേസമയം വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താവുന്ന കേസാണ് ഇത്. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു.

നിപ വൈറസ് കോഴികളിലൂടെ പകരുന്നുവെന്നത് നുണയാണ്. സാഹചര്യം മുതലെടുത്ത് തല്‍പ്പര കക്ഷികള്‍ വ്യാജപ്രചാരണം നടത്തുകയാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.