നീനുവിന്റെ സഹോദരനും പിതാവും അറസ്റ്റില്‍

single-img
29 May 2018

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ നിന്നാണ് പിടിയിലായത്.

ഇവരെ ഇന്ന് തന്നെ കോട്ടയത്തേക്ക് കൊണ്ടുവരും. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റ്. കേസില്‍ 14 പ്രതികളാണുള്ളത്. പതിന്നാലാം പ്രതിയാണ് ചാക്കോ.

കെവിനെ തട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ക്ക് പിന്നില്‍ ചാക്കോയും ഉള്‍പെട്ടത് വ്യക്തമായതോടെയാണ് പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. എല്ലാ നീക്കങ്ങളും ചാക്കോയ്ക്ക് അറിവുണ്ടായിരുന്നതായാണ് സൂചന. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നാണ് നിര്‍ണായകവിവരം ലഭിച്ചത്.

ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്. റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവര്‍ തമിഴ്‌നാട്ടിലുളളതായാണ് വിവരം. ഷാനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഭാര്യവീട്ടിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

പൊലീസിന്റെ വീഴ്ചയെക്കുറിച്ചുളള ഐ.ജിയുടെ അന്വേഷണവും പുരോമഗമിക്കുകയാണ്. ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന എം.എസ്. ഷിബു അടക്കമുളള പൊലീസുകാരുടെ മൊഴിയെടുത്തു. അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും. നീനുവിന്റെ അമ്മ രഹനയും ഒളിവിലാണ്. ഇവര്‍ക്കായി കൊല്ലം, തിരുവനന്തപുരം ജില്ലകളിലും തമിഴ്‌നാട്ടിലും അന്വേഷണം തുടരുകയാണ്.

അതിനിടെ നീനുവിന്റെ വിലാപത്തിനുമുന്നില്‍ വിറങ്ങലിച്ച് കേരളമനസാക്ഷി. ദുരഭിമാനക്കൊലയ്ക്കിരയായ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. മൃതദേഹം കുന്നുംഭാഗം മൗണ്ട് കാര്‍മല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സംസ്‌കാരം മൂന്നരയോടെ കോട്ടയം നല്ലിടയന്‍ ദേവാലയ സെമിത്തേരിയില്‍. പതിനൊന്നരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി കെവിന്റെ മൃതദേഹം നട്ടാശേരിയിലെ വീട്ടിലെത്തിച്ചത്. നീനുവിന്റെയും കെവിന്റെ അമ്മ മേരിയുടെയും വിലാപം അലമുറകളായതോടെ നാടാകെ കണ്ണീരിലായി.

ആശ്വസിപ്പിക്കാനായി ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ഏറെപ്പണിപ്പെട്ടു. കെവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. മൂന്നരയ്ക്ക് സംസ്‌കാരശുശ്രൂഷകള്‍ തുടങ്ങും. വീട്ടിലെ പ്രാര്‍ഥനകള്‍ക്കുശേഷം വിലാപയാത്രയായി നല്ലയിടയന്‍ പളളിയിലേക്ക് കൊണ്ടുപോകും.