കേരളത്തിലെ പൊലീസിന്റെ പോക്ക് ശരിയല്ലെന്ന് എ.കെ. ആന്റണി: ഡി.വൈ.എഫ്.ഐയുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി

single-img
29 May 2018

ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്കു പോവുകയാണെന്നു തെളിയിക്കുന്നതാണു കെവിന്റേതുള്‍പ്പെടെ അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങളെന്നു കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. സമൂഹത്തില്‍ ജീര്‍ണത വളരുന്നു. ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തും കേരള സമൂഹവും തമ്മില്‍ എന്താണു വ്യത്യാസം?

സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ അടിച്ചോടിച്ച അനാചാരങ്ങളും ജാതി വിദ്വേഷവും കേരളത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ഇതിനെതിരെ രാഷ്ട്രീയ കക്ഷികളും സമുദായ നേതാക്കളും സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കേരളത്തിലെ പൊലീസിന്റെ പോക്ക് ശരിയല്ല. കെവിന്റെ കൊലപാതകത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാരെ കൂട്ടുപ്രതികളാക്കി കേസെടുക്കണമെന്നും ആന്റണി പറഞ്ഞു.

അതേസമയം കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് വി.മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. പുനലൂര്‍ ഇടയമണ്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയായ നിയാസ് ഈ കേസിലെ പ്രധാന പ്രതിയാണ്.

എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന നിയാസ് തെന്മലയില്‍ 2016ല്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംരക്ഷണത്തിനുവേണ്ടി സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കുമൊപ്പം ചേരുകയായിരുന്നു.

തീവ്രവാദ സംഘടനകളുടേതിന് സമാനമായ ഒരുക്കങ്ങളാണ് കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായി ഇവര്‍ നടത്തിയത്. കെവിനെ കൊല്ലാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നേരിട്ട് പങ്കാളികളായെങ്കില്‍ പുറത്തുനിന്നുള്ള സഹായമാണ് സി.പി.എം ചെയ്തുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സംവിധാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എത്രയും പെട്ടെന്ന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.