2 ജിബി ഡാറ്റ, 100 സൗജന്യ എസ്എംഎസ്, പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 % ഇളവ്; പതഞ്ജലി സിം കാര്‍ഡും പുറത്തിറക്കി

single-img
28 May 2018

ടെലികോം രംഗത്ത് അങ്കം കുറിക്കാനൊരുങ്ങി യോഗാഗുരു ബാബാ രാംദേവ്. പതഞ്ജലിയുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ് പതഞ്ജലി സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. ‘സ്വദേശി സമൃദ്ധി കാര്‍ഡ്’ എന്നാണ് സിമ്മിന്റെ പേര്.

144 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്ന സിം കാര്‍ഡാണ് പുറത്തിറക്കുക, ഇതോടൊപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകള്‍ വഴിയാണ് ലഭിക്കുന്നത്.

ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 % ഇളവ് ലഭിക്കും. 144 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാം. ഇതു കൂടാതെ സിം ഉപഭോക്താക്കള്‍ക്ക് 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

വാഹന അപകടങ്ങളില്‍ പരിക്ക് സംഭവിച്ചാല്‍ മാത്രമേ ഈ പണം ലഭിക്കുകയുള്ളു. തുടക്കത്തില്‍ പതഞ്ജലി കമ്പനിയുടെ ജീവനക്കാര്‍ക്ക് മാത്രമാകും ഈ സിം കാര്‍ഡ് വാങ്ങുവാന്‍ സാധിക്കുക. അടുത്ത മാസത്തോട് കൂടി സിം പൊതുജനങ്ങള്‍ക്കും പ്രാപ്യമാകും. രാജ്യത്തെ ബിഎസ്എന്‍എല്ലിന്റെ 5 ലക്ഷം കൗണ്ടറുകളില്‍ സ്വദേശി സമൃദ്ധി കാര്‍ഡ് വില്‍പ്പനയ്‌ക്കെത്തിക്കുവാനാണ് കമ്പനികളുടെ തീരുമാനം.