ഉപരോധ രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് ഖത്തര്‍

single-img
28 May 2018

യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഖത്തര്‍ വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് കച്ചവടക്കാര്‍ക്ക് ഖത്തര്‍ നിര്‍ദേശം നല്‍കി.

മതിയായ പരിശോധനകളിലൂടെയും കസ്റ്റംസ് നടപടിക്രമങ്ങളിലൂടെയും മാത്രമേ ഉത്പന്നങ്ങള്‍ രാജ്യത്തെത്തുകയുള്ളൂവെന്നും ഖത്തര്‍ അറിയിച്ചു. ഖത്തര്‍ സാമ്പത്തിക മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ വതാന്‍ പത്രമാണ് ഉത്തരവ് റിപ്പോര്‍ട്ട് ചെയ്തത്.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് സൗദി അറേബ്യയുടെ നേതൃത്തില്‍ ജിസിസി രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അല്‍ജസീറ ചാനല്‍ അടച്ച് പൂട്ടണമെന്ന് ഉള്‍പ്പെടെ ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ആവശ്യങ്ങളായിരുന്നു അറബ് രാജ്യങ്ങള്‍ മുന്നോട്ടു വെച്ചത്.

ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന നിലപാട് ഖത്തര്‍ സ്വീകരിച്ചതോടെയാണ് അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തെ തുടര്‍ന്ന് ഖത്തറിലേക്കുള്ള ഇറക്കുമതി 40 ശതമാനം കുറഞ്ഞിരുന്നു.

വിലക്കിനെ മറികടക്കാന്‍ തുര്‍ക്കി പോലുള്ള രാജ്യങ്ങളെയാണ് ഖത്തര്‍ സാധനങ്ങള്‍ക്കായി ആശ്രയിച്ചത്. ഒമാനിലൂടെയടക്കം പുതിയ മാര്‍ഗങ്ങളിലൂടെയാണ് ഉത്പന്നങ്ങളെത്തിച്ചത്. ഭക്ഷണ സാധനങ്ങളടക്കം ഖത്തര്‍ സ്വന്തമായി ഉത്പാദനവും തുടങ്ങിയിരുന്നു.

മന്ദഗതിയില്‍ ആണെങ്കില്‍ പോലും ഉപരോധത്തെ മറികടക്കാന്‍ സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടിരിക്കുന്ന രാജ്യം ഇപ്പോള്‍ തിരിച്ചടിച്ച് തുടങ്ങുകയാണ്.