ഇന്ധനവില വര്‍ദ്ധനയെക്കുറിച്ച് പ്രധാനമന്ത്രി ഇന്നും പ്രതികരിച്ചില്ല: ഉജ്വല്‍ യോജനക്ക് പ്രചോദനമായത് അമ്മ അനുഭവിച്ച യാതനകളെന്ന് മോദി

single-img
28 May 2018

നാലു വര്‍ഷക്കാലയളവിനിടെ പത്തു കോടി കുടുംബങ്ങള്‍ക്ക് ഉജ്വല യോജന പദ്ധതിയിലൂടെ എല്‍പിജി കണക്ഷന്‍ എത്തിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു വര്‍ഷം എടുത്തിട്ടുപോലും കഴിഞ്ഞ സര്‍ക്കാരിനു സാധിക്കാത്ത കാര്യമാണിതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. നമോ ആപ്പിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പകാലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനായി തന്റെ മാതാവ് പുകയടുപ്പിന് മുന്നിലിരുന്ന് സഹിച്ച കഷ്ടപ്പാടുകളാണ് ഉജ്വല്‍ യോജന എന്ന പദ്ധതി നടപ്പിലാക്കാന്‍ പ്രചോദനമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടിക്കാലത്ത് തങ്ങള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുമ്പോളുണ്ടാകുന്ന പുക താനോര്‍മ്മിക്കുന്നു. തങ്ങള്‍ക്ക് വേണ്ടി ആ പുകയത്രയും അമ്മ യാതന സഹിച്ച് ശ്വസിച്ചിരുന്നുവെന്നും മോദി പരാമര്‍ശിച്ചു.

കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ശുദ്ധമായ ഇന്ധനം ലഭ്യമാക്കുക എന്നതായിരുന്നു ഉജ്വല്‍ യോജനകൊണ്ട് ഉദ്ദേശിച്ചിരുന്നതെന്നും മോദി പറഞ്ഞു. ഉജ്വല്‍ യോജന മുഖേനെ നിരവധിയാളുകളുടെ ജീവിതത്തില്‍ ഗുണപരമായമാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഓരങ്ങളിലേക്ക് തഴയപ്പെട്ടിരുന്ന സാധാരണക്കാരായ ദളിതരുടെയും, ആദിവാസികളുടെയും ജീവിത നിലവാരം ഉജ്വല്‍ യോജന മെച്ചപ്പെടുത്തിയെന്നും മോദി അവകാശപ്പെട്ടു. സമുഹ്യ ശാക്തീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയായി ഉജ്വല്‍ യോജന മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത്രയൊക്കെ പറഞ്ഞെങ്കിലും ഇന്ധനവില വര്‍ദ്ധനയെക്കുറിച്ച് പ്രധാനമന്ത്രി ഇന്നും പ്രതികരിച്ചില്ല.