ആതിരയ്ക്ക് പിന്നാലെ കെവിനും: കേരളവും ഉത്തരേന്ത്യന്‍ രീതിയിലേക്കോ?

single-img
28 May 2018

തിരുവനന്തപുരം: അടുത്ത കാലം വരെ കേരളീയര്‍ക്ക് അന്യമായിരുന്ന വാക്കായിരുന്നു ദുരഭിമാനക്കൊല എന്നത്. എന്നാല്‍ മലപ്പുറത്ത് ആതിര എന്ന യുവതി വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് പിടഞ്ഞ് മരിച്ചപ്പോള്‍ അന്ന് കേരളത്തില്‍ ജന്മമെടുത്തതായിരുന്നു ദുരഭിമാനക്കൊല.

അരീക്കോട് പൂവത്തിപറമ്പില്‍ ആതിരയെ സ്വന്തം അച്ഛന്‍ രാജനാണ് കുത്തിവീഴ്ത്തിയത്. താഴ്ന്ന ജാതിയിലുള്ള യുവാവുമായി ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. കുത്തേറ്റ് വീണ ആതിര സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

പൊലിസ് സ്റ്റേഷനില്‍ വച്ചുണ്ടായ മധ്യസ്ഥശ്രമങ്ങളില്‍ കൊയിലാണ്ടി സ്വദേശിയായ സൈനികന് മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ സമ്മതിച്ച് പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് അകമായിരുന്നു രാജന്‍ സ്വന്തം ചോരയെ ഇല്ലാതാക്കിയത്.

കെവിന്റെ കൊലപാതകവും ദുരഭിമാനക്കെലയാണെന്ന് വ്യക്തമാണ്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കെവിനും നീനുവും വിവാഹിതരാകുന്നത്. വീട്ടില്‍ മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ നീനു വീടുവിട്ടിറങ്ങി രജിസ്റ്റര്‍ മാരേജ് ചെയ്ത് വീട്ടില്‍ അറിയിച്ചു.

കെവിന്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ് എന്നതായിരുന്നു കെവിനെ എതിര്‍ക്കാന്‍ വീട്ടുകാരുടെ കണ്ടെത്തിയ കാരണം. വിവാഹ ശേഷം ഭീഷണി ഭയന്ന് നീനു ഹോസ്റ്റലിലും കെവിന്‍ ബന്ധുവീട്ടിലേക്കും താമസം മാറി.

എന്നാല്‍ ഇതൊന്നും കെവിന്നെ രക്ഷപ്പെടുത്തിയില്ല. ബന്ധുവീട്ടിലെത്തിയ ഭാര്യാസഹോദരനും സംഘവും കെവിനെയും ബന്ധുവിനെയും വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ നാം നിരന്തരം കേട്ടുകൊണ്ടിരുന്ന ഒരു വാര്‍ത്തയായിരുന്നു ജാതിയുടെ മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ദുരഭിമാനക്കൊലകള്‍.

മകനോ മകളോ അന്യ ജാതി, മതത്തില്‍പെട്ടവരുമായി പ്രണയബന്ധത്തിലേര്‍പ്പെടുമ്പോള്‍ കുടുംബാംഗങ്ങള്‍ നടത്തുന്ന കൊലപാതകം. ചെന്നൈയില്‍ കഴിഞ്ഞവര്‍ഷം മാത്രം ഇത്തരം നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഉത്തരേന്ത്യയിലാണ് ദുരഭിമാന കൊലകള്‍ കൂടുതലായി നടക്കുന്നത്.

ഇങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നടന്നുവന്ന സാമൂഹിക നീചത്വത്തിന്റെ പ്രതീകമായ കൊലപാതകങ്ങള്‍ അതിവേഗം, പ്രബുദ്ധമെന്ന് നാം അവകാശപ്പെടുന്ന കേരളത്തിലും എത്തുന്നു എന്നത് പേടിപ്പെടുത്തുന്ന സാമൂഹിക ദുരന്തമാവുകയാണ്.