ആര്‍എസ്എസ് പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ പരാതി ഡിജിപി സ്വീകരിച്ചില്ല: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അഞ്ജലി

single-img
28 May 2018

കൊച്ചി: ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി പ്രകാശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.

കര്‍ണാടകയില്‍ കേസുള്ളതിനാല്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്ന ഡിജിപിയുടെ നിലപാടിനെതിരെയാണ് അഞ്ജലി ഹൈക്കോടതിയെ സമീപിക്കുന്നത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളുമാണ് പീഡന കേന്ദ്രത്തിലേക്ക് എത്തിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതി.

അമൃത ആശുപത്രിയിലെ ഡോക്ടര്‍ തനിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്‍കാനാണ് പെണ്‍കുട്ടി ഇന്ന് രാവിലെ ഡി.ജി.പി ഓഫീസിലെത്തിയത്.

എന്നാല്‍ മറ്റൊരു സംസ്ഥാനത്ത് കേസുള്ളതിനാല്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് തന്നെ മടക്കുകയായിരുന്നുവെന്ന് അഞ്ജലി പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മംഗലാപുരത്തെ കോടതിയില്‍ നിന്നും അഞ്ജലിയുടെ സംരക്ഷണം ഏറ്റുവാങ്ങിയ അമ്മാവനും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് അഞ്ജലി ഡിജിപിയെ കാണാനെത്തിയത്. എന്‍സിഎച്ച്ആര്‍ഒ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.