ഐപിഎല്‍ ഫൈനല്‍ ഇന്ന്: ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

single-img
27 May 2018

ഐപിഎല്‍ ഫൈനല്‍ ഇന്ന്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി ഏഴിന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ധോനിയുടെ കീഴില്‍ മൂന്നാം കിരീടം തേടിയാണ് ചെന്നൈ ഇറങ്ങുന്നത്. 2016ല്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് പുതിയ നായകന്‍ കെയ്ന്‍ വില്യംസന്റെ കീഴില്‍ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

പരിചയസമ്പത്താണ് ചെന്നൈയുടെ കൈമുതൽ. ബൗളിംഗ് കരുത്തുമായി ഹൈദരാബാദും. മുൻതൂക്കം ചെന്നൈയ്ക്കൊപ്പം. ക്വാളിഫയറിൽ അടക്കം സീസണിൽ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. ധോണി, ഡുപ്ലെസി, റായ്ഡു, ബ്രാവോ, റെയ്ന, വാട്സൺ എന്നിവരിൽ രണ്ടുപേരെങ്കിലും തിളങ്ങിയാൽ ചെന്നൈ സുരക്ഷിതരാവും. ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ നിര സന്തുലിതം.

വില്യംസണെയും ധവാനെയും അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്‍റെ വെല്ലുവിളി. റഷീദ് ഖാനും ഭുവനേശ്വർ കുമാറും നന്നായി പന്തെറിയുന്നുണ്ടെങ്കിലും കൂടെയുള്ളവർക്ക് തുടക്കത്തിലേ മികവ് ആവർത്തിക്കാനാവുന്നില്ല. 170 റൺസിനുമേൽ നേടാനാവുന്ന വിക്കറ്റാണ് വാംഖഡേയിൽ ഒരുക്കിയിരിക്കുന്നത്. ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. റഷീദ് ഖാന്റെ നാലോവറായിരിക്കും മത്സരത്തിന്‍റെ ഗതി നിശ്ചയിക്കുന്നതിൽ നിർണായകമാവുക.