വൈല്‍ഡ് ബീസ്റ്റിന് രക്ഷകരായി ഹിപ്പോകള്‍(വീഡിയോ)

single-img
27 May 2018

മുതലകളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്ന വൈല്‍ഡ് ബീസ്റ്റിന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിന് കാരണമായതോ ഒരു കൂട്ടം ഹിപ്പോകളും.

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യം. ഗെസന്റ്‌ഫോംബി അണക്കെട്ടില്‍ വെള്ളം കുടിക്കാനെത്തിയ വൈല്‍ഡ് ബീസ്റ്റുകളില്‍ ഒന്നിനെയാണ് മുതലകള്‍ പിടികൂടിയത്. പിടികൂടിയ ശേഷം വെള്ളത്തിനടിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കവെയാണ് ഹിപ്പോകള്‍ ഇടപെടുന്നത്.

തങ്ങളുടെ അതിര്‍ത്തിയില്‍ കടന്നുകയറി മുതലകള്‍ ഇര പിടിക്കുന്നത് ഇഷ്ടപ്പെടാത്ത ഹിപ്പോകള്‍ വൈല്‍ഡ് ബീസ്റ്റിനെ രക്ഷിക്കാനെത്തി. രണ്ടു തവണ ശ്രമിച്ചിട്ടും മുതലകളുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ അണക്കെട്ടിന്റെ മറുവശത്തുള്ള ഹിപ്പോകളും കൂട്ടത്തോടെ രംഗത്തെത്തി.

വൈല്‍ഡ് ബീസ്റ്റിനെ പിടികൂടിയ മുതലയെ ഹിപ്പോകള്‍ വളഞ്ഞു. കൂടാതെ ഒരു ഹിപ്പോ മുതലയെ ആക്രമിക്കുകയും ചെയ്തു. ഇതോടെ ഇരയെ വിട്ട് മുതല സ്ഥലം കാലിയാക്കി. എന്നാല്‍ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടും അതിന്റെ ഞെട്ടല്‍ മാറാന്‍ വൈല്‍ഡ് ബീസ്റ്റിന് കുറച്ച് സമയം വേണ്ടി വന്നു.

കാലിന് സാരമായി പരിക്കേറ്റ് വൈല്‍ഡ് ബീസ്റ്റ് മെല്ലെ കരയിലേക്ക് കയറിപ്പോയി. എന്നാല്‍ പരിക്ക് പറ്റിയത് കൊണ്ട് ഇത് മറ്റ് മൃഗങ്ങളുടെ ആക്രമണത്തിനിരയാകുമെന്നാണ് വന്യജീവി അധികൃതരുടെ വിലയിരുത്തല്‍.