നദിയില്‍ കാട്ടാനക്കൂട്ടത്തിനൊപ്പം നീന്താന്‍ ആഗ്രഹം; യുവാവിന് ദാരുണാന്ത്യം (വീഡിയോ) • ഇ വാർത്ത | evartha
video, Videos

നദിയില്‍ കാട്ടാനക്കൂട്ടത്തിനൊപ്പം നീന്താന്‍ ആഗ്രഹം; യുവാവിന് ദാരുണാന്ത്യം (വീഡിയോ)

നദിയില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടാനയ്‌ക്കൊപ്പം നീന്തുമെന്ന് വാശിപിടിച്ച യുവാവിന് ദാരുണാന്ത്യം. ജാര്‍ഖണ്ഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി. കാട്ടാനകള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവിനാണ് സ്വന്തം ജീവന്‍ തന്നെ നഷ്ടമായത്.

ജാര്‍ഖണ്ഡിലെ സറായ്ഖാലി കെയ്‌സ്വാന്‍ എന്ന പ്രദേശത്ത് നദിയില്‍ വെള്ളം കുടിക്കാനെത്തിയതായിരുന്നു കാട്ടാനക്കൂട്ടം. ഈ സമയം യുവാവും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. കാട്ടാനക്കൂട്ടം വെള്ളത്തിലറങ്ങിയതോടെ അവയ്‌ക്കൊപ്പം കുളിക്കുമെന്ന വാശിയിലായി യുവാവ്. കൂടെയുണ്ടായിരുന്ന കൂട്ടുകാരൊക്കെ കരയ്ക്ക് കയറി. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല.

എന്നാല്‍ അല്‍പ്പം കഴിഞ്ഞതോടെ ആനക്കൂട്ടം അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങി. കൂട്ടത്തിലൊരു ആന യുവാവിന്റെ നേരെ തിരിയുകയും ചെയ്തു. ഇതോടെ യുവാവ് പേടിച്ചു വെള്ളത്തില്‍ നിന്ന് നീന്തിക്കയറാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിട്ടില്ല. ആന ഇയാളുടെ പുറകെ നീന്തി. ആനയ്ക്ക് മുന്‍പേ കരയില്‍ എത്താനായെങ്കിലും വെള്ളത്തില്‍ നിന്ന് കയറാനുള്ള ധൃതിക്കിടയില്‍ ഇയാളുടെ കാല്‍ ഉളുക്കി.

ഇതോടെ വേഗത്തില്‍ ഓടാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലായി യുവാവ്. എന്നാല്‍ സുഹൃത്തുക്കള്‍ താങ്ങിപ്പിടിച്ച് രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആന ഓടിയടുത്തു. ആനയുടെ മുന്നില്‍ കൂട്ടുകാര്‍ക്കും യുവാവിനും പിടിച്ച് നില്‍ക്കാനായില്ല. യുവാവ് വീണുപോയി. യുവാവിനെ ചവിട്ടിയും കുത്തിയും ആണ് ആന കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.