പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ വേണ്ട; തന്നെ അനുഗമിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അംബാനി നല്‍കിയത് ബിഎംഡബ്ല്യൂ മുതല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വരെ

single-img
26 May 2018


ഇസഡ് കാറ്റഗറി സുരക്ഷയുള്ളയാളാണ് മുകേഷ് അംബാനി. മുകേഷിന്റെ യാത്രകള്‍ക്കെല്ലാം സുരക്ഷാഭടന്‍മാരുടെ അകമ്പടിയുമുണ്ട്. 15 ലക്ഷം രൂപയാണ് പ്രതിമാസം മുകേഷ് തന്റെ സുരക്ഷയ്ക്കായി ചെലവിടുന്നത്. 36 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുകേഷ് അംബാനിയ്ക്കൊപ്പം എപ്പോഴുമുണ്ടാകും. സുരക്ഷയ്ക്ക് നില്‍ക്കുന്ന പൊലീസുകാര്‍ പഴയ വാഹനത്തില്‍ വന്നാല്‍ അത് രാജ്യത്തെ ഏറ്റവും വലിയ ധനികന് നാണക്കേടല്ലേ. അതുകൊണ്ട് തന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പഴയ സര്‍ക്കാര്‍ വാഹങ്ങള്‍ക്കു പകരം 75 ലക്ഷത്തിന്റെ ബിഎംഡബ്ല്യു എക്‌സ് 5 മുതല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വരെ നല്‍കിയിരിക്കുകയാണ് അംബാനി.

മുകേഷ് അംബാനി തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു വാങ്ങിനല്‍കിയത് ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യുവാണ്. 5 ബിഎംഡബ്ല്യുവാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ പേരില്‍ മുകേഷ് അംബാനി വാങ്ങിയത്. 285 ബിഎച്ച്പി കരുത്തുള്ള എക്‌സ് 5 മോഡലാണ് സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫിനായി വാങ്ങിയിരിക്കുന്നത്. ബീക്കണ്‍ ലൈറ്റും സിആര്‍പിഎഫിന്റെ ഔദ്യോഗിക ചിഹ്നവും ഘടിപ്പിച്ചാണ് ഈ ആഡംബര എസ് യു വികള്‍ അകമ്പടി സേവിക്കുക. ഫോഡ് എന്‍ഡവര്‍ ആണ് മുകേഷ് അംബാനിയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന മറ്റൊരു വാഹനം. നിത അംബാനിയുടെ സുരക്ഷാഭടന്മാരാണ് ഫോഡ് എന്‍ഡവര്‍ ഉപയോഗിക്കുന്നത്. ഏകദേശം 6 പുതിയ ഫോര്‍ച്യൂണറുകള്‍ അംബാനിയുടെ സുരക്ഷഭടന്മാര്‍ക്കായുണ്ട്. സിആര്‍പിഎഫിന്റേയൊ പൊലീസിന്റെയോ ചിഹ്നങ്ങള്‍ പതിക്കാത്ത സിആര്‍വി അംബാനിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായുണ്ടാവറുണ്ട്. ഇതിനൊക്കെ പുറമെ മഹാരാഷ്ട്ര പൊലീസിന്റെ സ്‌കോര്‍പ്പിയോയും അംബാനിയുടെ വാഹനവ്യൂഹത്തില്‍ ഇടം പിടിക്കാറുണ്ട്. പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അത്തരത്തില്‍ പൊലീസ് അകമ്പടി ഉണ്ടാകാറുള്ളത്.