രണ്ട് വയസുകാരിയെ രക്ഷപ്പെടുത്താന്‍ സ്വന്തം ജീവന്‍ പണയം വെച്ച് വ്യാപാരി റിക്ഷയ്ക്ക് മുന്നിലേക്ക് ചാടി; പിന്നീട് സംഭവിച്ചത്(വീഡിയോ)

single-img
24 May 2018

രണ്ട് വയസുള്ള പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വ്യാപാരി സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് ഇലക്ട്രിക് റിക്ഷയ്ക്ക് മുന്നിലേക്ക് ചാടി. ഇയാളുടെ ധീരമായ പ്രവൃത്തിക്ക് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ചൈനയിലെ ലങ്കാവോ കൗണ്ടിയിലെ ഹെനാനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിയന്ത്രണം നഷ്ടപ്പെട്ട ഒരു ഇലക്ട്രിക് റിക്ഷ മുന്നോട്ട് പായുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിന്റെ മുന്‍വശത്ത് കുട്ടി തൂങ്ങിക്കിടക്കുകയായിരുന്നു. കുട്ടിയുടെ കൈകള്‍ ആക്‌സലറേറ്ററിന് മുകളിലായിരുന്നു. റോഡിലൂടെയും നടപ്പാതകളിലൂടെയും റിക്ഷ മുന്നോട്ട് പാഞ്ഞു.

വാഹനത്തിന് പിന്നാലെ രണ്ട് സ്ത്രീകള്‍ ഓടുന്നതും കാണാം. ഇതിനിടെയാണ് ഒരാള്‍ സ്വന്തം ജീവന്‍ പണയം വെച്ച് റിക്ഷയുടെ മുന്നിലേക്ക് ചാടിയത്. വണ്ടി നിര്‍ത്താന്‍ സാധിച്ചെങ്കിലും ഇയാള്‍ വീണുപോകുകയായിരുന്നു. ചെറിയ പരിക്കും പറ്റി.

മുഖത്തും കൈയിലുമാണ് ഇയാള്‍ക്ക് പരിക്ക് പറ്റിയത്. മൂന്ന് പല്ലുകള്‍ പൊട്ടി. കച്ചവടക്കാരനായ യുവാന്‍ ഷുഹാവോ എന്നയാളാണ് കുട്ടിയെ സാഹസികമായി രക്ഷിച്ചത്. കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീണുകിടന്ന യുവാനെ രക്ഷിക്കാന്‍ മറ്റ് ചിലര്‍ എത്തുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. മെയ് 19നാണ് സംഭവം നടന്നത്.