അന്ന് ആ തിരക്കിനിടയില്‍ എന്നെ കയറിപ്പിടിച്ചത് 15കാരന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുസ്മിത സെന്‍

single-img
22 May 2018

 
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സുസ്മിത സെന്‍. ഒരു പതിനഞ്ചുവയസ്സുകാരന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് സുസ്മിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയിരിക്കുന്നത്.

‘ബോഡിഗാര്‍ഡുകള്‍ ഒക്കെ കൂടെ ഉള്ളപ്പോള്‍ ഞങ്ങളെ തൊടാന്‍ പോലുമാവില്ലെന്നാണ് ആളുകളുടെ വിചാരം. പക്ഷെ പത്ത് ബോഡിഗാര്‍ഡ് കൂടെ ഉണ്ടായാലും നൂറുപേരുള്ള കൂട്ടത്തെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. ആറ് മാസം മുമ്പ് എനിക്കൊരു ദുരനുഭവം നേരിടേണ്ടി വന്നു.

ഞാനൊരു അവാര്‍ഡ്ദാന ചടങ്ങിന് എത്തിയതാണ്. അന്ന് ഒരു പതിനഞ്ച് വയസ്സുകാരന്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. വലിയ ജനക്കൂട്ടത്തിനിടയക്ക് ഞാന്‍ അത് തിരിച്ചറിയില്ലെന്നാണ് അവന്‍ വിചാരിച്ചത്. അവന് തെറ്റിപ്പോയി. എന്റെ പുറകില്‍ നിന്നും ഞാന്‍ അവന്റെ കയ്യില്‍ പിടിച്ച് മുന്നോട്ട് വലിച്ചു.

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഒരു പതിനഞ്ചുകാരന്‍ പയ്യന്‍. ഞാന്‍ അവന്റെ കഴുത്തില്‍ പിടിച്ച് കുറച്ച് ദൂരം നടന്നു. എന്നിട്ട് പറഞ്ഞു. ‘ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം എല്ലാവരോടും പറഞ്ഞാല്‍ നിന്റെ ജീവിതം തന്നെ ഇല്ലാതാകും.’

പക്ഷെ അവന്‍ ചെയ്ത കാര്യം സമ്മതിക്കാന്‍ ആദ്യം തയ്യാറായില്ല. ഞാന്‍ ഉറച്ചുനിന്നപ്പോള്‍ അവന്‍ തെറ്റ് മനസ്സിലാക്കി. എന്നോട് ക്ഷമ ചോദിച്ചു. ജീവിതത്തിലൊരിക്കലും ഇനി ആരോടും അങ്ങനെ ചെയ്യില്ലെന്നും എന്നോട് സത്യം ചെയ്തു.’സുസ്മിത പറഞ്ഞു.

‘ആ സംഭവത്തില്‍ യാതൊരു നടപടിയും ഞാന്‍ സ്വീകരിക്കാതിരുന്നത് അവന്റെ പ്രായം ഓര്‍ത്ത് മാത്രമാണ്. ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കുറ്റകൃത്യമാണെന്ന് ബോധ്യമാണ് അവര്‍ക്ക് മനസ്സിലാക്കികൊടുക്കേണ്ടത്. അതാണ് ഞാനും ചെയ്തത്.’സുസ്മിത സെന്‍ കൂട്ടിച്ചേര്‍ത്തു.