സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ നിറക്കുന്നു; മോദിയുടെ കത്ത് പുറത്ത്

single-img
22 May 2018

സിവില്‍ സര്‍വീസ് പരീക്ഷ വിജയികള്‍ക്ക് സര്‍വീസ് വിഭജനത്തിനടക്കം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത്. മെറിറ്റ് മാനദണ്ഡങ്ങള്‍ മറികടന്ന് സംവിധാനത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് മേയ് 17 നാണ് പ്രധാനമന്ത്രിയുടെ ശുപാര്‍ശക്കത്ത് പുറത്ത് വിട്ടത്. സിവില്‍ സര്‍വീസിലെ റാങ്ക് പട്ടികക്ക് അനുസരിച്ചാണ് നിലവില്‍ സര്‍വീസും കേഡറും വിഭജിക്കുന്നത്. ഇതിന് ശേഷം മൂന്ന് മാസത്തെ അടിസ്ഥാന കോഴ്‌സ് നടത്തുകയാണ് പതിവ്.

എന്നാല്‍ ഈ രീതി മാറ്റി അടിസ്ഥാന കോഴ്‌സിലെ പ്രകടനം കൂടി വിലയിരുത്തി സര്‍വീസും കേഡറും വിഭജിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശുപാര്‍ശ ചെയ്തത്. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ നടത്തുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ സര്‍വ്വീസുകളിലേക്കുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ഭരണസംവിധാനത്തിന് ഇടപെടാന്‍ അവസരം നല്‍കുന്നതാണ് ശുപാര്‍ശകളെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആര്‍.എസ്.എസ് താല്‍പര്യത്തിന് അനുസരിച്ചാണ് നിയമനം നടക്കുന്നതെന്നും ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ഉദ്യോഗാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തും രാഹുല്‍ പുറത്തുവിട്ടു.