കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഗൂഗിളില്‍ ട്രെന്‍ഡിംഗ് ആയ പേരാണ് രാധിക കുമാരസ്വാമി: ആരാണ് രാധിക?

single-img
22 May 2018

രാധിക കുമാരസ്വാമി, കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഗൂഗിളില്‍ ട്രെന്‍ഡിംഗ് ആയ പേരാണ് ഇത്. കന്നഡ സിനിമയിലെ പ്രമുഖ അഭിനേത്രിയും നിര്‍മ്മാതാവുമായ രാധിക പക്ഷെ ഗൂഗിള്‍ ട്രെന്‍ഡിംഗിലെത്താന്‍ കാരണം അതൊന്നുമല്ല.

കര്‍ണാടക നിയുക്ത മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമിയുമായുള്ള ബന്ധമാണ് രാധികയെ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയമാക്കുന്നത്. ‘കര്‍ണാടകത്തിലെ രാഷ്ട്രീയ കോലാഹലങ്ങളെക്കുറിച്ച് തല്‍ക്കാലം മറന്നേക്കൂ. പകരം ഈ ചിത്രങ്ങള്‍ കാണൂ..’ മേല്‍പറഞ്ഞ അടിക്കുറിപ്പോടെയാണ് കുമാര സ്വാമിയും രാധികയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാകുന്നത്.

ആദ്യഭാര്യ അനിതയുമായുള്ള വിവാഹം നിയമപരമായി നിലനില്‍ക്കെത്തന്നെയാണ് സിനിമാ നിര്‍മാതാവ് കൂടിയായിരുന്ന കുമാരസ്വാമിയും രാധികയും തമ്മില്‍ അടുപ്പത്തിലാകുന്നത്. 2006ലാണ് ഇരുവരും രഹസ്യമായി വിവാഹിതരാകുന്നത്. അന്ന് രാധികയ്ക്ക് ഇരുപതുവയസും കുമാരസ്വാമിക്ക് അന്‍പത് വയസുമായിരുന്നു പ്രായം.

എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം പുറംലോകമറിഞ്ഞില്ല. ഈ ബന്ധം മാധ്യമങ്ങളില്‍ ആദ്യമായി ഇടംപിടിക്കുന്നത് കന്നഡ സിനിമയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിയ ദിവ്യ സ്പന്ദന എന്ന രമ്യയുമായുള്ള രാഷ്ട്രീയ വാക്കുതര്‍ക്കത്തിനിടെയാണ്. തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ കുമാരസ്വാമി ഉയര്‍ത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് കുമാരസ്വാമിയുടെ ഈ ബന്ധം ചൂണ്ടിക്കാട്ടി രമ്യ തിരിച്ചടിക്കുകയായിരുന്നു.

രാധികയ്ക്കും കുമാരസ്വാമിക്കും ഷമിക കെ.സ്വാമി എന്ന ഒരു മകളുണ്ട്. അതേസമയം ആദ്യഭാര്യ അനിതയുമായുള്ള ബന്ധം കുമാരസ്വാമി വേര്‍പെടുത്തിയിട്ടില്ല. ആ ബന്ധത്തിലുള്ള മകന്‍ നിഖില്‍ ഗൗഡ കന്നഡ സിനിമയിലെ യുവതാരമാണ്.

രാധികയുടെ ആദ്യ വിവാഹം രത്തന്‍കുമാറുമായിട്ടായിരുന്നു. ഇതും വലിയ വിവാദമായിരുന്നു. 14കാരിയായ മകളെ നിര്‍ബന്ധപൂര്‍വം വിവാഹം കഴിച്ചെന്നാരോപിച്ച് രാധികയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. കേസ് നടക്കുന്നതിനിടെ 2002ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രത്തന്‍ കുമാര്‍ മരിച്ചു. പതിനാലാം വയസ്സില്‍ കന്നഡ ചിത്രം നീല മേഖ ശാമയിലൂടെയാണ് രാധിക സിനിമയിലെത്തുന്നത്.

2002ല്‍ പുറത്തിറങ്ങിയ നിനഗാഗി ആണ് രാധിക നായികയായി എത്തിയ ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റായി മാറി. എന്നാല്‍ 2003ല്‍ രാധികയുടേതായി പുറത്തിറങ്ങിയ അഞ്ച് കന്നഡചിത്രങ്ങളും പരാജയമായിരുന്നു. തമിഴിലും തെലുങ്കിലും രാധിക അഭിനയിച്ചിട്ടുണ്ട്. കുമാരസ്വാമിയുമായുള്ള വിവാഹത്തിന് ശേഷം 2008ല്‍ ഒരു ചിത്രത്തില്‍ മാത്രം അഭിനയിച്ചു.

പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷം 2013ല്‍ കന്നഡ റൊമാന്റിക് കോമഡി ചിത്രം സ്വീറ്റി നന്നാ ജോഡിയിലൂടെ രാധിക തിരിച്ചുവരവ് നടത്തി. ചിത്രത്തിന്റെ നിര്‍മാണവും രാധികയായിരുന്നു. ഇപ്പോള്‍ മൂന്നു കന്നഡചിത്രങ്ങളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യവിവാഹം കുമാരസ്വാമി വേര്‍പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിരാളികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 494ാം വകുപ്പിലെ ഹിന്ദു വ്യക്തിനിയമപ്രകാരമുള്ള വിവാഹച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജി കോടതി തള്ളി.

ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജി വച്ചതിന് പിന്നാലെയാണ് നിയുക്തമുഖ്യമന്ത്രി കുമാരസ്വാമിയും രാധികയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.